സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 2018ല്‍ നടന്ന കേപ് ടൗണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്തു ചുരണ്ടലിലെ പ്രതികളില്‍ ഒരാളായ ഓസ്ട്രേലിയന്‍ മുന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ഒടുവില്‍ മൗനം വെടിഞ്ഞു.
സാന്ഡ്പേപ്പര് ഉപയോഗിച്ച് പന്ത് ചുരണ്ടിയതിനെക്കുറിച്ചു ടീമിലെ മറ്റു കളിക്കാര്‍ക്കും അറിയാമായിരുന്നു എന്നുള്ള ഉസ്മാന് ഖ്വാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തലിനെ ബാന്‍ക്രോഫ്റ്റ് ശരിവച്ചു. മാത്രമല്ല, പന്തു ചുരണ്ടലിലെ ബലിയാടാണു താനെന്നും ബാന്‍ക്രോഫ്റ്റ് തുറന്നടിച്ചു. “കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍, ടീമിനു മുഴുവന്‍ രക്ഷപ്പെടാനുള്ള ബലിയാടായി ഞാന്‍ മാറി.” - ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തി.
ദ വെസ്റ്റ് ഓസ്ട്രേലിയന്‍ ദിനപത്രത്തിലെ കോളത്തിലൂടെയാണ് ബാന്‍ക്രോഫ്റ്റിന്റെ തുറന്നു പറച്ചില്. ഓസ്ട്രേലിയയ്ക്കായി 10 ടെസ്റ്റ് മാത്രമാണ് ബാന്‍ക്രോഫ്റ്റ് കളിച്ചത്. 26.23 ശരാശരിയില്‍ 446 റണ്‍സ് നേടുകയും ചെയ്തു.
കമ്മിന്‍സ് നുണയന്?
ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ നുണയനാക്കിയെന്നതാണു ശ്രദ്ധേയം.
ആത്മകഥയായ സാബറിലൂടെ ഖ്വാജ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അസംബന്ധം എന്നായിരുന്നു കമ്മിന്‍സിന്റെ പ്രതികരണം. തനിക്കോ ടീമിലെ മറ്റുള്ളവര്‍ക്കോ പന്ത് ചുരണ്ടലിനെ കുറിച്ച് അറിയില്ലായിരുന്നു എന്നും കമ്മിന്‍സ് പറഞ്ഞിരുന്നു.
“ഞങ്ങള്‍ മൂന്നു പേര്‍ക്കു (സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍) മാത്രമല്ല, സാന്ഡ്പേപ്പര് ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയാമായിരുന്നത്. ടീം ഒന്നടങ്കം അറിയാമായിരുന്നു”- ബാന്‍ക്രോഫ്റ്റ് കുറിച്ചു.
നാളേറെയായി!
നാളുകളായി ഓസ്ട്രേലിയന്‍ ടീം സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടല്‍ നടത്തിയിരുന്നു എന്ന സൂചനയും ബാന്‍ക്രോഫ്റ്റ് നടത്തി. കേപ് ടൗണ്‍ ടെസ്റ്റിനു മുമ്പ് പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ത്തന്നെ ചുരണ്ടല്‍ ആരംഭിച്ചിരുന്നതായും ബാന്‍ക്രോഫ്റ്റ് തന്റെ കോളത്തില്‍ വ്യക്തമാക്കി.
“എപ്പോഴാണ് സാന്ഡ്പേപ്പറിന്റെ ഉപയോഗം ആരംഭിച്ചത്. അത് എത്രത്തോളം നീണ്ടുനിന്നു. മറ്റുള്ളവരുടെ പങ്കാളിത്തവും അറിവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഞാന്‍ മറച്ചുവച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ (സിഎ) അന്വേഷണം സംരക്ഷിക്കാനായിരുന്നു അത്.”- ബാൻക്രോഫ്റ്റ് കുറിച്ചു.
കേപ് ടൗണ്‍ ടെസ്റ്റിലെ പന്ത്രണ്ടാമനായ ചാഡ് സയേഴ്സ്, ടീ ബ്രേക്കിനുശേഷമുള്ള പാനീയങ്ങള്‍ക്കൊപ്പം മൈതാനത്തുനിന്നു സാന്ഡ്പേപ്പര് തിരികെ ഗാലറിയിലേക്കു കൊണ്ടുപോയതായി ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് മാധ്യമമായ എസ്ഇഎന്നിനോടു വെളിപ്പെടുത്തി. പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഒരാഴ്ച മുമ്പു തന്നെ പദ്ധതി ആരംഭിച്ചിരുന്നുവെന്നും ടീമിലെ എല്ലാവര്ക്കും അറിയാമായിരുന്നു എന്നും സിഎ ഒരിക്കലും തന്നോട് അഭിമുഖം നടത്തിയിട്ടില്ലെന്നും അദ്ദേഹം എസ്ഇഎന്നിനോടു പറഞ്ഞു.
സാന്‍ഡ് പേപ്പര്‍ വിവാദം
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. 2018 മാര്‍ച്ച് 24നു ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനിടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതു ടെലിവിഷന്‍ കാമറയില്‍ പതിഞ്ഞു. പേസ് ബൗളര്‍മാര്‍ക്കു റിവേഴ്സ് സ്വിംഗ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു പന്തിന്റെ ഒരു ഭാഗം ഇത്തരത്തില്‍ ചുരണ്ടിയത്.
ടെലിവിഷന്‍ സ്ക്രീനില്‍ പന്തു ചുരണ്ടുന്നതു വന്നതോടെ, ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ട്രൗസേഴ്സിനുള്ളില് ഒളിപ്പിച്ചു. പിറ്റേദിനം മാധ്യമങ്ങള്‍ക്കു മുന്നില്‍ പന്തു ചുരണ്ടിയെന്നു ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും സമ്മതിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനു 12 മാസം രാജ്യാന്തര-ആഭ്യന്തര ക്രിക്കറ്റില്‍നിന്നു വിലക്കി. അതുപോലെ ദേശീയ ടീം നേതൃത്വത്തില്‍നിന്ന് ആജിവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ 12 മാസത്തെ ക്രിക്കറ്റ് വിലക്കിനൊപ്പം രണ്ടു വര്‍ഷം ക്യാപ്റ്റന്‍സി വിലക്കും നല്കി. ഓപ്പണിംഗ് ബാറ്ററായിരുന്ന ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ ക്രിക്കറ്റ് വിലക്കായിരുന്നു ഏര്‍പ്പെടുത്തിയത്. മുഖ്യപരിശീലകനായ ഡാരെന്‍ ലേമാന് രാജിവച്ചു.