മെൽബൺ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഓസീസ് താരം ഉസ്മാൻ ഖവാജ. പന്തിൽ കൃത്രിമം കാണിക്കാൻ ഓസ്ട്രേലിയൻ ടീം ആസൂത്രണം ചെയ്ത നീക്കങ്ങളെക്കുറിച്ചാണ് ഖവാജ തന്റെ പുതിയ പുസ്തകമായ സബ്രിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെയാണ് കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചത്. സംഭവത്തെ തുടർന്ന് അന്നത്തെ നായകൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്ക് നേരിടേണ്ടിവന്നിരുന്നു. ഡ്രസിംഗ് റൂമിൽ തമാശയായി തുടങ്ങിയ ആശയം പിന്നീട് ഗൗരവമായ നീക്കമായി മാറുകയായിരുന്നുവെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ.
മത്സരത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനിൽ വെച്ച് പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു ആദ്യ പദ്ധതി. അമ്പയർമാർ പന്ത് ബൗണ്ടറി ലൈനിൽ വെക്കുന്ന സമയത്ത് കാമറകളുടെ ശ്രദ്ധ തങ്ങളിലുണ്ടാകില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാമറകൾ എപ്പോഴും പിന്തുടരുന്നതിനാൽ തനിക്ക് ഈ നീക്കത്തിൽ പങ്കാളിയാകാനാകില്ലെന്ന് ഡേവിഡ് വാർണർ വ്യക്തമാക്കിയതായും ഖവാജ പറയുന്നു.
തുടർന്ന് യുവതാരമായ കാമറൂൺ ബാൻക്രോഫ്റ്റ് സ്വയം മുന്നോട്ടുവരികയായിരുന്നു. കേപ് ടൗണിലെ മഴയുള്ള കാലാവസ്ഥയിൽ പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നത് പ്രയാസമായതാണ് പന്തിൽ കൃത്രിമം കാണിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. ഡ്രസിംഗ് റൂമിലെ കോച്ചിംഗ് സ്റ്റാഫിൽ ഒരാൾ ബാൻക്രോഫ്റ്റിനോട് പന്തിൽ കൂടുതൽ കൃത്രിമം കാണിക്കാൻ ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതായും ഖവാജ പുസ്തകത്തിൽ വ്യക്തമാക്കി.