വിസ്കോൺസിനിൽ: ഒന്നാം പിറന്നാളിന് വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ബലൂൺ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അമേരിക്കയിലെ വിസ്കോൺസിനിലാണ് സംഭവം. ഡോൺ എന്ന കുഞ്ഞാണ് മരിച്ചത്.
മൃഗത്തിന്റെ ആകൃതിയിലുള്ള അലങ്കാര ബലൂൺ പൊട്ടി അതിന്റെ ഭാഗം കുഞ്ഞിന്റെ അന്നനാളത്തിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതേത്തുടർന്നുണ്ടായ ശ്വാസതടസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കുഞ്ഞിൽനിന്ന് അകറ്റിയാണ് ബലൂൺ കെട്ടിയിരുന്നതെങ്കിലും അതിലൊന്ന് അഴിഞ്ഞുവീഴുകയായിരുന്നു. ഇത് കൈയിലെടുത്ത് കടിക്കുന്നതിനിടെ ബലൂണിന്റെ ഒരു ഭാഗം കുഞ്ഞിന്റെ തൊണ്ടയിലേക്ക് പോകുകയായിരുന്നു.
ഉടൻതന്നെ സിപിആർ നൽകുകയും തൊണ്ടയിൽനിന്ന് ബലൂൺ പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, വൈകാതെ കുഞ്ഞിന്റെ ശരീരം നീലനിറമാവുകയും ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അമ്മ അവിറ്റ പറഞ്ഞു.