Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ജേതാക്കൾ. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റിക്കാർഡ് വിജയലക്ഷ്യം ആറു വിക്കറ്റും രണ്ട് പന്തുകളും അവശേഷിക്കെ ആര്‍സിബി മറികടന്നു.
ബംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. അർധസെഞ്ചറികൾ സ്വന്തമാക്കിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയും (41 പന്തിൽ 87), ജോർജിയ വോളുമാണ് (54 പന്തിൽ 79) ബംഗളൂരു ഇന്നിംഗ്സിന്റെ നട്ടെല്ല്. ഡൽഹിയുടെ തുടര്‍ച്ചയായ നാലാം ഫൈനൽ തോൽവിയാണിത്.
സ്കോർ: ഡൽഹി 203/4 ബംഗളൂരു 204/4 (19.4). ഡൽഹി നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസെടുത്തത്. ബാറ്റിങ്ങിനിറങ്ങിയവരെല്ലാം അവർക്കായി തിളങ്ങി ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (57) അർധസെഞ്ചുറി നേടി.
ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരും തിളങ്ങി. 15 പന്തുകളിൽ 35 റൺസടിച്ചു പുറത്താകാതെനിന്ന ചിനെൽ ഹെൻറിയുടെ പ്രകടനമാണ് സ്കോർ 200 കടത്തിയത്. 19-ാം ഓവറിൽ 24 റൺസാണ് ഹെൻറി ഒറ്റയ്ക്ക് അടിച്ചെടുത്തത്. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
National
ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.
ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന് പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
NRI
ബംഗളൂരു: ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് രണ്ടു പൊങ്കൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബംഗളൂരു - കണ്ണൂർ, ബംഗളൂരു - കൊല്ലം റൂട്ടുകളിലാണ് ഉത്സവകാല പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
06577 ബംഗളൂരു - കണ്ണൂർ സ്പെഷൽ 13ന് വൈകുന്നേരം അഞ്ചിന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിൽ എത്തും. തിരികെയുള്ള സർവീസ് കണ്ണൂരിൽ നിന്ന് 14ന് രാവിലെ 11ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.10ന് ബംഗളൂരുവിൽ എത്തും.
തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എസ്എംവിടി ബംഗളൂരു - കൊല്ലം സ്പെഷൽ (06219) ബംഗളൂരുവിൽ നിന്ന് 13ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം നാലിന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് കൊല്ലത്ത് നിന്ന് 14ന് വൈകുന്നേരം 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.30ന് ബംഗളൂരുവിൽ എത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
രണ്ട് ട്രെയിനുകളിലും 18 കോച്ചുകൾ വീതം ഉണ്ടാകും.
National
ബംഗളൂരു: വിവാഹ ആവശ്യം നിരസിച്ച ജൂണിയർ നഴ്സ് (25), മുപ്പത്തിയൊന്‍പതുകാരിയായ നഴ്സിനെ കൊലപ്പെടുത്തി.
ബംഗളൂരുവിലെ ജയദേവ ആശുപത്രിയിലാണു സംഭവം. ഹിരിയൂർ ചിത്രദുർഗ സ്വദേശി മമത ആണു കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുധാകർ പിടിയിലായി.
കുമാരസ്വാമി ലേ ഔട്ടിൽവച്ചാണ് യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാൻ യുവതിയുടെ മാല ഇയാൾ കവർച്ച ചെയ്തിരുന്നു.
Viral
ബെംഗളൂരുവിലെ കെആർ പുരം ടിൻ ഫാക്ടറി ജങ്ഷനു സമീപം തിരക്കേറിയ രാവിലെ ട്രാഫിക് കുരുക്കിനിടയിൽ രണ്ട് ബൈക്ക് യാത്രികർ പരസ്പരം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഓഫീസുകളിലേക്കും മറ്റും ജനങ്ങൾ തിരക്കിട്ട് പോകുന്ന സമയത്ത് നടന്ന ഈ സംഭവം റോഡ് റേഞ്ചിന്റെ ഭീകരമായ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. റോഡിന് നടുവിൽ ബൈക്കുകൾ നിർത്തിയിട്ട് യാത്രികർ പരസ്പരം ഹെൽമെറ്റ് കൊണ്ട് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽവ്യക്തമായി കാണാം.
ഓഫീസ് ക്യാബിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. യാത്രയ്ക്കിടയിൽ ബൈക്കുകൾ തമ്മിൽ അശ്രദ്ധമായി തട്ടിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക വിവരം.
ബൈക്കിൽ നിന്ന് ഒരാൾ വീഴാൻ പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും വാക്കുതർക്കത്തിലേക്കും പിന്നീട് ക്രൂരമായ കൈയ്യാങ്കളിയിലേക്കും കടക്കുകയായിരുന്നു.
ട്രാഫിക് നിയമങ്ങളോ ചുറ്റുമുള്ളവരുടെ സുരക്ഷയോ പരിഗണിക്കാതെയായിരുന്നു ഇരുവരുടെയും അക്രമാസക്തമായ പെരുമാറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബെംഗളൂരു സിറ്റി പോലീസ് വിഷയത്തിൽ ഇടപെട്ടു.
ഹലസൂരു, ബയ്യപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡിസിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഗതാഗതക്കുരുക്കും യാത്രക്കാരിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെങ്കിലും, ഇത്തരം അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്നാണ് പൊതുജനാഭിപ്രായം.
NRI
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
NRI
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.