ബംഗളൂരുവിലെ തിരക്കേറിയ എംജി റോഡിൽ പരിഭ്രാന്തി പരത്തി ആഡംബര കാറിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയ സംഭവത്തിൽ കർശന നടപടിയുമായി പോലീസ് രംഗത്തെത്തി.
അനിൽ കുംബ്ലെ സർക്കിളിന് സമീപം മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തി ലംബോർഗിനി കാർ വട്ടം കറക്കി അഭ്യാസപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
നഗരമധ്യത്തിലെ അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ നിയമലംഘനത്തിനെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ അന്വേഷണം ഊർജിതമാക്കിയ ബെംഗളൂരു സിറ്റി പോലീസ് നിലവിൽ ആഡംബര കാർ പിടിച്ചെടുത്തിട്ടുണ്ട്.
മുൻ അധോലോക നായകൻ മുത്തപ്പ റായിയുടെ മകൻ റിക്കി റായ് ആണ് വാഹനം ഓടിച്ചിരുന്നതെന്ന സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണത്തിനായി പോലീസ് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
മറ്റ് വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നതിനിടയിൽ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നു ഈ സാഹസിക പ്രകടനം.
ഇത്തരം പ്രവർത്തികൾ ഡ്രൈവർക്ക് മാത്രമല്ല, നിരത്തിലൂടെ പോകുന്ന സാധാരണക്കാരായ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുമെന്ന് ട്രാഫിക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നഗരത്തിലെ റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും പോലീസ് വ്യക്തമാക്കി.