ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളൂരുവിലെ യെലഹങ്കയിൽ അയൽവാസികൾ തമ്മിൽ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രൂക്ഷമായ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ ഒരു വയോധികൻ യുവതിയെ ബലമായി തള്ളി താഴെയിടുകയും, വീഴ്ചയിൽ പരിക്കേറ്റ യുവതിയെ പിന്നീട് ആംബുലൻസിൽ സ്ട്രെച്ചറിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അയൽവാസികളിൽ നിന്ന് ഭീഷണി നേരിട്ടതായി കാണിച്ച് ഒപ്പമുണ്ടായിരുന്ന യുവാവ് ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബംഗളൂരു സിറ്റി പൊലിസ് വിഷയത്തിൽ ഇടപെട്ടു.
ലോക്കൽ പൊലിസ് സ്റ്റേഷനോടും ഉന്നത ഉദ്യോഗസ്ഥരോടും അന്വേഷണം നടത്താൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്ഐആർ അടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.