ലക്നോ: ഉത്തർപ്രദേശിലെ കാൻപൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കാണാതായി. രശ്മി അറോറയുടെ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് എസ്ബിഐയിൽ നിന്ന് കാണാതായത്. സംഭവത്തിൽ ബാങ്ക് മാനേജർക്കും മറ്റ് ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2003 -ൽ ആണ് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് രശ്മി ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ലക്നോവിലേക്ക് താമസം മാറിയതിനാൽ രശ്മിക്ക് കാൻപൂരിലെ ബ്രാഞ്ചിൽ എത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ലോക്കർ വാടക കൃത്യമായി രശ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നുണ്ടായിരുന്നു. അതിനാൽ ലോക്കർ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് രശ്മി കരുതിയത്.
കഴിഞ്ഞ ദിവസം രശ്മി ലോക്കർ പരിശോധിക്കാൻ എത്തിയിരുന്നു. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് വിവരങ്ങൾ കണ്ടെത്തിയ ശേഷം ലോക്കർ തുറക്കാൻ അനുവാദം നൽകി. എന്നാൽ ലോക്കർ തുറന്ന് നോക്കിയപ്പോൾ അത് പൂർണമായും ശൂന്യമാണെന്നാണ് കണ്ടെത്തിയത്.
തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയും ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബ്രാഞ്ച് മാനേജർക്കും മറ്റ് ബാങ്ക് ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ബാങ്ക് രേഖകൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ പോലീസ് പരിശോധിച്ചുവരികയാണ്.