പുൽപ്പള്ളി: വായ്പ കുടിശിക നടപടികളുമായി ബാങ്കുകൾ വീണ്ടും രംഗത്ത് വന്നതോടെ കർഷകർ ആശങ്കയിൽ. കടബാധ്യത മൂലം കുടിയേറ്റമേഖലയിലെ നിരവധി കർഷകർ ജപ്തിഭീഷണിയിലാണ്.
കാലാവസ്ഥാ വ്യതിയാനം, വിലത്തകർച്ച, വിളനാശം മൂലം കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. കൃഷികൾ പൂർണമായി നശിച്ചതാണ് പുൽപ്പള്ളി മേഖലയിലെ സാന്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. ഭൂരിഭാഗം കർഷകരും ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്.
പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നതോടെ വായ്പാതിരിച്ചടവ് മുടങ്ങിയതാണ് ബാങ്കുകൾ നിയമ നടപടിക്കൊരുങ്ങുന്നതിന് കാരണം. മൊറട്ടോറിയം പ്രഖ്യാപിക്കുന്പോഴും പലിശ വർധിക്കുന്നതല്ലാതെ കർഷകർക്ക് അതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകുന്നില്ല. മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം, വീട് നിർമാണം, മറ്റ് വിവിധ ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം വായ്പയെടുക്കുന്നത് കാർഷികവൃത്തിയിൽ പ്രതീക്ഷയർപ്പിച്ചാണ്.
എന്നാൽ അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങൾ വിളകളെ സാരമായി ബാധിക്കുകയും കൃഷി കനത്ത നഷ്ടത്തിൽ കലാശിക്കുകയും ചെയ്യുന്നത് പതിവായി. ബാങ്കുകൾ വായ്പാതിരിച്ചടവ് മുടങ്ങിയതോടെ നോട്ടീസ് അയക്കുകയും മറ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്. ഒരുകാലത്ത് കടബാധ്യത മൂലം നിരവധി ആത്മഹത്യകൾ നടന്ന പുൽപ്പള്ളി മേഖലയിൽ സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നേരത്തെ കർഷകർക്ക് ആശ്വാസമായിരുന്ന കാർഷിക സ്വർണവായ്പ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയതോടെ വലിയ പലിശയ്ക്കാണ് പലരും സ്വർണംപണയം വച്ചിട്ടുള്ളത്. പണയം വച്ച സ്വർണ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബാങ്കുകൾ സ്വർണ ഉരുപ്പടികൾ ലേലം ചെയ്തു വിൽക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കുകൾക്ക് പുറമേ സ്വന്തം ഭൂമി പണയം വച്ച് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്ന നിരവധി പേരും ഈ മേഖലയിലുണ്ട്.
സഹകരണബാങ്കുകളടക്കം വർഷത്തിലൊരിക്കൽ പിഴപലിശ ഒഴിവാക്കുന്നതിനായി അദാലത്തുകളടക്കം സംഘടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. കടാശ്വാസകമ്മീഷനും നോക്കുകുത്തിയായി മാറിയെന്നാണ് കർഷകർ പറയുന്നത