കൊട്ടാരക്കര: കൊട്ടാരക്കര പുലമണ്‍ പാലത്തില്‍ ആല്മരങ്ങള് തഴച്ചുവളരുന്നു. ഇവയുടെ സാന്നിധ്യം പാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. കൊല്ലം- തിരുമംഗലം ദേശീയ പാതയില്‍ പുലമണ്‍ ജംഗ്ഷന് തൊട്ടടുത്താണ് പാലം. മൂന്നാള് പൊക്കത്തില്‍ ആല്‍മരം വളര്‍ന്നിട്ടും വെട്ടിമാറ്റാന്‍ നടപടിയില്ല. മുകളില്‍നിന്നു അടിത്തട്ടിലേക്ക് വേരിറങ്ങിയിരിക്കയാണ്. പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിത്തുടങ്ങിയിട്ടുമുണ്ട്. കൂടുതല്‍ അപകടാവസ്ഥയിലേക്ക് ആല്‍മരം വളരുമ്പോഴും അധികതൃതര്‍ കണ്ണടയ്ക്കുകയാണ്.
പുലമണ്‍ തോടിന് കുറുകെയാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച പുലമണ്‍ പാലമുള്ളത്. എപ്പോഴും വാഹനത്തിരക്കുള്ള റോഡാണ്. ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന പുലമണ്‍ കവലയോട് ചേരുന്ന ഭാഗമാണിവിടം. പാലത്തിന് ശരിയായ അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ഇതുമൂലമാണ് ആല്മരങ്ങള് വേരുറപ്പിച്ച് വളര്‍ന്നത്. നഗരസഭയും ദേശീയപാത അധികൃതരുമൊക്കെ കണ്ണടയ്ക്കുകയാണ്.
ദേശീയ പാതയുടെ ഭാഗമാണെങ്കിലും പുലമണ്‍ പാലത്തിന് ഏഴു മീറ്റര്‍ വീതിമാത്രമാണുള്ളത്. ആല്‍മരം വളരുന്നതിനിടയിലൂടെയാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. അവരും അറ്റകുറ്റപ്പണി നടത്താനെത്തുന്നില്ല. പാലത്തിന്റെ നവീകരണത്തിനായി നേരത്തെ കേന്ദ്ര ഉപരിതല ജലഗതാഗത മന്ത്രാലയം ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ആ പദ്ധതി മുടങ്ങി.