പ്രാഗ് (ചെക്): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിലെ ഏഴാം റൗണ്ട് മത്സരത്തില്‍ എഫ്സി ബാഴ്സലോണയുടെ ഫെര്‍മിന്‍ ലോപ്പസിന്റെ മിന്നും പ്രകടനം.
ബോക്സിനു പുറത്തുനിന്ന് ലോപ്പസ് തൊടുത്ത രണ്ട് ലോംഗ് റേഞ്ച് ഗോളുകളുടെ ബലത്തില്‍ എഫ്സി ബാഴ്സലോണ എവേ പോരാട്ടത്തില്‍ 4-2ന് സ്ലാവിയ പ്രാഗിനെ കീഴടക്കി. ലോപ്പസിനു പിന്നാലെ ഡാനി ഓള്‍മോയും ബോക്സിനു പുറത്തുനിന്നുള്ള ലോംഗ് ഷോട്ടിലൂടെ സ്ലാവിയയുടെ വല കുലുക്കി. 34, 42 മിനിറ്റുകളിലായിരുന്നു ലോപ്പസിന്റെ ഗോളുകള്‍. ഓള്‍മോ 63-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ (70) വകയായിരുന്നു എഫ്സി ബാഴ്സലോണയുടെ നാലാം ഗോള്‍.
ഹോം ഗ്രൗണ്ടില്‍ 10-ാം മിനിറ്റില്‍ വാസില്‍ കുസേജിലൂടെ സ്ലാവിയ പ്രാഗ് ലീഡ് നേടി. ലോപ്പസിന്റെ ഡബിളിലൂടെ ബാഴ്സ ലീഡ് നേടിയെങ്കിലും 44-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയുടെ സെല്‍ഫ് ഗോളിലൂടെ ആതിഥേയര്‍ വീണ്ടും ഒപ്പമെത്തി.
കെയ്ന്‍ ഡബിള്‍, ബയേണ്‍ 16ല്‍
ബെല്‍ജിയന്‍ ക്ലബ്ബായ യൂണിയന് സെന്റ് ഗില്ലോസിനെതിരേ ഹാട്രിക് നേടാനുള്ള അവസരം ജര്‍മന്‍ ക്ലബ് എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍ നഷ്ടപ്പെടുത്തി. എന്നാല്‍, കെയ്ന്റെ ഇരട്ടഗോളിലൂടെ ബയേണ്‍ 2-0നു ജയം സ്വന്തമാക്കി. 52, 55 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകള്‍. ഹാട്രിക് തികയ്ക്കാനായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റില്‍ ഇടിച്ചു തെറിച്ചു.ഏഴ് മത്സരങ്ങളില്‍ ആറ് ജയത്തോടെ 18 പോയിന്റുമായി ബയേണ്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ലിവര്‍പൂള്‍, ചെല്‍സി
ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സി എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള മാഴ്സെയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കി. ഡൊമിനിക് സോബോസ്ലായ് (45+1), ജെറോമിമോ റുല്ലി (72), കോഡി ഗാക്പോ (90+2) എന്നിവരായിരുന്നു ലിവര്‍പൂളിനായി ഗോള്‍ നേടിയത്.
മോയ്സെസ് കയ്സെഡോയുടെ (78) ഗോളില്‍ ചെല്‍സി 1-0ന് സൈപ്രസ് ക്ലബ്ബായ പാഫോസ് എഫ്സിയെ തോല്‍പ്പിച്ചു.
മറ്റു മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ് 3-0ന് ഐന്തോവനെയും യുവന്റസ് 2-0ന് ബെന്‍ഫികയെയും തോല്‍പ്പിച്ചപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡും ഗലറ്റ്സറെയും 1-1 സമനിലയില്‍ പിരിഞ്ഞു.