ജയ്പുർ: സാമൂഹ്യപ്രവർത്തകനും ലോകപ്രശസ്ത ബെയർഫുട് കോളജ് സ്ഥാപകനുമായ സൻജിത് ബങ്കർ റോയ് (81) അന്തരിച്ചു. രാജസ്ഥാനിലെ അജ്മീരിൽ തിലോണിയ ഗ്രാമത്തിലുള്ള സ്വവസതിയിൽ ഇന്നലെ രാവിലെ 6.15നായിരുന്നു അന്ത്യം.
ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള ഗ്രാമീണവികസനത്തിന്റെയും സ്ത്രീശക്തീകരണത്തിന്റെയും ജീവിക്കുന്ന മാതൃകയെന്നു വിശേഷിപ്പിക്കുന്ന സൻജിത് റോയ് 1972ൽ രാജസ്ഥാനിലെ തിലോണിയയില്‍ സ്ഥാപിച്ച സാമൂഹ്യഗവേഷണകേന്ദ്രമാണ് ബെയര്ഫുട് കോളജ് ആയി വളർന്നത്.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഗ്രാമീണര്ക്കുവരെ സാങ്കേതിക വൈദഗ്ധ്യം നേടാനും സ്വന്തം നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിയുമെന്ന ആശയമായിരുന്നു ബെയർഫുട് കോളജിന്റേത്.
സൗരോര്‍ജം, ജലസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ ഗ്രാമീണര്‍ക്ക് പരിശീലനം നല്കിയ കേന്ദ്രം സ്ത്രീശക്തീകരണത്തിനും നിർണായക പദ്ധതികൾ രൂപീകരിച്ചു. ഗ്രാമീണ സ്ത്രീകളെ സോളാര്‍ പാനലുകൾ സ്ഥാപിക്കാനും പരിപാലിക്കാനും പരിശീലിപ്പിക്കുന്നതായിരുന്നു ഇതിൽ പ്രധാനം. ഇന്ത്യക്കു പുറമേ വിദേശരാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളും പരിശീലനത്തിനായി തിലോണിയയിലെത്തിയിരുന്നു.
സംസ്കാരം ഇന്നലെ വൈകുന്നേരം നാലിന് ജന്മഗ്രാമത്തിൽ നടത്തി. സാമൂഹ്യപ്രവർത്തകയും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ അരുണ റോയ് ആണ് ഭാര്യ.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, ജയ്റാം രമേശ്, ശശി തരൂർ, സച്ചിൻ പൈലറ്റ് തുടങ്ങിയ പ്രമുഖർ സൻജിത് റോയ്യുടെ നിര്യാണത്തിൽ അനുശോചിച്ചു.