ദുബായി: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ട്രക്ക് റോഡ് സേഫ്റ്റി ബാരിയറിലേക്ക് ഇടിച്ചുകയറി. എമിറേറ്റ്സ് റോഡ് ഇ 611-ൽ ദുബായി ഫ്ലൈ ഓവറിലാണ് സംഭവം നടന്നത്. അബൂദബിയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറിയ സേഫ്റ്റി ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. സംഭവസ്ഥലത്ത് വച്ചുതന്നെ ആവശ്യമായ പ്രാഥമിക ചികിത്സയും ലഭ്യമാക്കി.
മതിയായ വിശ്രമമില്ലാതെയും ക്ഷീണിതരായിരിക്കുമ്പോഴും വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ദുബായി പൊലിസ് മുന്നറിയിപ്പ് നൽകി. ദീർഘയാത്രകൾക്ക് പുറപ്പെടുന്നതിന് മുമ്പ് ഡ്രൈവർമാർ മതിയായ ഉറക്കവും വിശ്രമവും ഉറപ്പാക്കണമെന്നും ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കിൽ വാഹനം സുരക്ഷിതമായി ഒതുക്കി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരണമെന്നും പൊലിസ് നിർദേശം നൽകിയിട്ടുണ്ട്.