തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ കീഴിലുള്ള കിഫ്ബിയിൽ സുപ്രധാന പദവി വഹിച്ച വ്യക്തിയെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നു പൊതുമരാമത്തു മന്ത്രി ശിപാർശ ചെയ്തത്.
പാർട്ടി നിർദേശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ തള്ളി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉന്നത പദവി വഹിച്ചവരെ നിയമിക്കാനുള്ള നീക്കം മുസ്ലീംലീഗിലും യുഡിഎഫിലും ഏറെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
മുസ് ലീംലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷമാണ്. ഇതിനിടെയാണ് സുപ്രധാന വകുപ്പു ഭരിക്കുന്ന ലീഗ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കസേരയിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സെയ്നുലാബ്ദീനെ പൊതുമരാമത്തു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നായിരുന്നു പാർട്ടിയുടെ ശിപാർശ. എന്നാൽ, മന്ത്രി ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രി കഴിഞ്ഞാൽ ഓഫീസിലെ പ്രധാന പദവി പ്രൈവറ്റ് സെക്രട്ടറിയുടേതാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ഡൽഹി യാത്രയിലും ഇവർ അനുഗമിച്ചതായാണ് സൂചന. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. സർവീസിലിരിക്കേതന്നെ കിഫ്ബിയുടെ സുപ്രധാന തസ്തികയിലെത്തി. വിരമിച്ച ശേഷവും അവിടെ തുടർന്നു.
കിഫ്ബി ചെയർമാൻ പദവി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സിഇഒയുടെയും സെക്രട്ടറിയുടെയും പദവി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു വഹിച്ചിരുന്നത്. കിഫ്ബിയിൽ ചില പ്രശ്നങ്ങളുണ്ടെന്നും പുനഃസംഘടിപ്പിക്കണമെന്നും ധനവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
യുഡിഎഫ് സർക്കാർ രണ്ടു മാസത്തോട് അടുക്കുന്പോഴും പി.കെ. ബഷീറിനെ കൂടാതെ എക്സൈസ് മന്ത്രി എം. ലിജുവിനും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്കും പ്രൈവറ്റ് സെക്രട്ടറിമാരായിട്ടില്ല. ബിന്ദുകൃഷ്ണ മന്ത്രിയായതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചെങ്കിലും ബിജെപി അനുഭാവിയാണെന്ന കോണ്ഗ്രസിനുള്ളിലെ വിമർശനത്തെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.