ഇടയാറന്മുള: എഎംഎം എച്ച്എസ്എസ് ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ സമാപിച്ച പ്രഥമ എഎംഎം എച്ച്എസ്എസ് ട്രോഫി (2026) അഖില കേരള ഇന്റർ-സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുന്നംകുളം ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.പെൺകുട്ടികളുടെ ആവേശകരമായ ഫൈനലിൽ പത്തനാപുരം മൗണ്ട് താബോർ എച്ച്എസ്എസിനെ 43-22 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസ് കിരീടം ചൂടിയത്.
19 പോയിന്റ് നേടിയ ക്രിസ്റ്റയും 10 പോയിന്റ് നേടിയ കെ. അക്ഷരയും പ്രൊവിഡൻസിനായി മികച്ച പ്രകടനം കാഴ്ചവച്ചു.ആൺകുട്ടികളുടെ കലാശപ്പോരാട്ടത്തിൽ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിനെ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ) 48-19 എന്ന സ്കോറിന് തകർത്താണ് കുന്നംകുളം ഗവ. മോഡൽ വിഎച്ച്എസ്എസ് (ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ഡിവിഷൻ) ജേതാക്കളായത്. ജേതാക്കൾക്കായി ആദിൻ 15 പോയിന്റും ഹാറൂൺ മുഹമ്മദ് 13 പോയിന്റും നേടി.
ഇരു വിഭാഗങ്ങളിലെയും ജേതാക്കൾക്ക് 10,000 രൂപ ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയും റണ്ണേഴ്സ് അപ്പിന് 5,000 രൂപയും ട്രോഫിയും സമ്മാനിച്ചു.ആൺകുട്ടികളിൽ ജേതാക്കളായ കുന്നംകുളം ഗവ. മോഡൽ വിഎച്ച്എസ്എസ് വരിശേരിൽ വി.എം. മാത്യു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, റണ്ണേഴ്സ് അപ്പായ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ആർ ജയകുമാർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കി. പെൺകുട്ടികളിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസ് ചിറ്റേത്തുതുണ്ടിയിൽ കെ.വി. ഏലിയാമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, പത്തനാപുരം മൗണ്ട് താബോർ എച്ച്എസ്എസ് തോമസ് പി. തോമസ് പാരഡയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ഏറ്റുവാങ്ങി.
സമാപന സമ്മേളനത്തിൽ സ്കൂൾ റവ. നിനു ചാണ്ടി, പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, ഹെഡ്മിസ്ട്രസ് അഞ്ജലിദേവി, പത്തനംതിട്ട ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് സക്കറിയ, സെക്രട്ടറി ജോസഫ് ജോൺ എന്നിവർ ചേർന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.