അമേരിക്കയിലെ ഗാറ്റ്ലിൻബർഗിൽ ഒരു ദമ്പതികളുടെ ട്രക്കിൽ കരടികൾ അതിക്രമിച്ച് കയറി ലഘുഭക്ഷണങ്ങളും ബിയർ ക്യാനുകളും കവർന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി.
പാം കോൺലിയും പങ്കാളിയും യാത്രയ്ക്കിടെ ട്രക്കിൽ നിന്ന് സാധനങ്ങൾ ഇറക്കും മുൻപ് തന്നെ ഒരു അമ്മക്കരടിയും കുട്ടികളും വാഹനത്തിലേക്ക് കയറുകയായിരുന്നു. വാഹനത്തിനുള്ളിൽ പരതിയ കരടികൾ ലഘുഭക്ഷണ ബാഗുകളും ബിയർ ക്യാനും എടുത്തു.
ഇതിനിടയിൽ ക്യാൻ താഴെവീണ് ബിയർ റോഡിലൊഴുകിപ്പോകുകയും ചെയ്തു. കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ദമ്പതികൾ അടുത്തെത്തിയെങ്കിലും അവ തിരികെ ആക്രമണ സ്വഭാവം കാണിച്ചതോടെ നിസഹായരായി പിന്മാറേണ്ടി വന്നു.
കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുപോലും ഭക്ഷണത്തിന്റെ ഗന്ധം തിരിച്ചറിയാൻ പ്രത്യേക കഴിവുള്ളവയാണ് കരടികൾ. സമാനമായ രീതിയിൽ കാലിഫോർണിയയിലെ ഒരു ലൈബ്രറിയിലും അടുത്തിടെ കരടിയുടെ അതിക്രമം ഉണ്ടായിട്ടുണ്ട്.
ലൈബ്രറിയിൽ പ്രവേശിച്ച കരടി ജീവനക്കാരുടെ ലഘുഭക്ഷണങ്ങളും തേനും കഴിച്ചശേഷം പുസ്തകങ്ങൾക്കിടയിലൂടെ ചുറ്റിനടന്ന് സ്വയം പുറത്തേക്ക് മടങ്ങുകയായിരുന്നു.