കോഴിക്കോട്: ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ക്ക് ജീവിതങ്ങളില്‍ സ്നേഹത്തിന്റെയും കരുതലിന്റെയും വെളിച്ചം പകര്‍ന്നു കൊണ്ടിരിക്കുന്ന നരിക്കുനി അത്താണിയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "കടലോരം 2.0' ശ്രദ്ധേയമായി. അത്താണി എന്ന സംഘടനയുടെ സംരക്ഷണത്തിലും പരിചരണത്തിലും കഴിയുന്ന കിടപ്പുരോഗികയെുംകൊണ്ട് നിരവധി ആംബുലന്‍സുകളാണ് ഇന്നലെ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ലക്ഷ്യം കോഴിക്കോട് ബീച്ചായിരുന്നു. കടലിന്റെ സൗന്ദര്യം മതിമറന്നാസ്വദിച്ച അവര്‍ ബീച്ചില്‍ സര്‍ഗാത്മക കഴിവുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
2005ല്‍ ഒരു കിടപ്പുരോഗിയെ പരിചരിക്കുന്നതിനായി ആരംഭിച്ച അത്താണി, ഇന്ന് ഏഴു പഞ്ചായത്തുകളിലായി 75 അന്തേവാസികള്‍ക്കും എണ്ണൂറോളം രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം നല്കിവരുന്നു. ഇതിനുപുറമെ ഡയാലിസിസ് സെന്റര്‍, ഫിസിയോതെറാപ്പി സെന്റര്‍, റീഹാബിലിറ്റേഷന്‍ യൂണിറ്റ്, എമര്‍ജന്‍സി ഹോം കെയര്‍, സൈക്യാട്രി ക്ലിനിക്ക് തുടങ്ങിയ വിവിധ സേവനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 20 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്ന "ഹാര്‍മണി വില്ലേജ്' പദ്ധതിയിലൂടെ കൂടുതല്‍ വിപുലമായ പരിചരണവും പുനരധിവാസവും ഉറപ്പാക്കാനുള്ള തയാറെടുപ്പിലാണ് അത്താണി.
അത്താണിയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം 22 മുതല്‍ 25 വരെ നരിക്കുനിയിലെ അത്താണി ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും അത്താണിയെ അടുത്തറിയുന്നതിനായി സന്ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്.