കൃഷ്ണാ നദിയിലെ ബീച്ചുപള്ളി പുഷ്കർ ഘട്ടിൽ പ്രാർഥനകൾക്കായി തടിച്ചുകൂടിയ തീർഥാടകരെയും സന്ദർശകരെയും അമ്പരപ്പിച്ച് ഞായറാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി ഒരു മുതല കരയിലേക്കെത്തി.
ജോഗുലാമ്പ ഗാദ്വാൾ ജില്ലയിലുള്ള പ്രശസ്തമായ ബീച്ചുപള്ളി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തുടർച്ചയായ അവധി ദിനങ്ങൾ കാരണം നദിക്കരയിൽ വൻ ജനത്തിരക്കാണ് ഉണ്ടായിരുന്നത്.
വെള്ളത്തിൽ നിന്ന് പെട്ടെന്ന് കയറിവന്ന മുതല സമീപത്തെ ഒരു കെട്ടിടത്തിന് നേരെ നീങ്ങിയതോടെ ഘട്ടിൽ നിന്ന ഭക്തർ പരിഭ്രാന്തരായി ചിതറിയോടി.
എന്നാൽ ജനങ്ങൾ ഭയന്നോടിയപ്പോഴും, സാധാരണയായി ഇവിടെ പിതൃതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന അനിൽ ശർമ്മ എന്ന പൂജാരി തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് സ്വീകരിച്ചത്.
യാതൊരു ഭയവുമില്ലാതെ മുതലയ്ക്ക് അരികിലേക്ക് ചെന്ന അദ്ദേഹം അതിന് മുന്നിലിരുന്ന് മന്ത്രങ്ങൾ ഉച്ചരിക്കുകയും ജലാഭിഷേകം അടക്കമുള്ള പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു.
മഴയുടെയും ജലത്തിന്റെയും ദൈവമായ വരുണ ഭഗവാന്റെ വാഹനമാണ് മുതലയെന്ന മതപരമായ വിശ്വാസമാണ് പൂജ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനിൽ ശർമ്മ പിന്നീട് വ്യക്തമാക്കി.
നാടിന്റെ സമൃദ്ധിക്കും മികച്ച മഴയ്ക്കുമായാണ് താൻ ഈ പ്രാർഥനകൾ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മഴയെത്തുടർന്ന് നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മുതലകൾ കരയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ പ്രദേശവാസികൾക്കും ഭക്തർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ പ്രാദേശിക മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ കയറുകൾ ഉപയോഗിച്ച് മുതലയെ സുരക്ഷിതമായി പിടികൂടുകയും പിന്നീട് കൃഷ്ണാ നദിയിലേക്ക് തന്നെ തുറന്നുവിടുകയും ചെയ്തു.