ജീവിതച്ചെലവ് വർധനവ്, ഏകാധിപത്യ പ്രവണതകൾ, തൊഴിലില്ലായ്മ തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്കു വലിയ ഊർജവും ആത്മവിശ്വാസവും പകരുന്നതാണ് സെർബിയയിലെ തെരഞ്ഞെടുപ്പു വിജയം.
അലക്സാണ്ടർ വുചിചിന്റെ ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച്, വിദ്യാർഥി കൂട്ടായ്മയുടെ പിന്തുണയോടെ മത്സരിച്ച 'സ്റ്റുഡന്റ് ലിസ്റ്റ്' പാർലമെന്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണു നേടിയത്. വിജയവാർത്ത പുറത്തുവന്നതോടെ തലസ്ഥാനമായ ബൽഗ്രേഡിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി വിജയാഘോഷം സംഘടിപ്പിച്ചു. 2014 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്റായും രാജ്യം ഭരിച്ചിരുന്ന വുചിചിന് ഇതു കനത്ത തിരിച്ചടിയാണ്.
വിദ്യാർഥി മുന്നേറ്റത്തിന്റെ പിറവി
2024ൽ നോവി സാദിലെ റെയിൽവേ സ്റ്റേഷൻ മേൽക്കൂര തകർന്ന് 16 പേർ മരിച്ച സംഭവത്തെത്തുടർന്നുണ്ടായ ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തിൽനിന്നാണ് 'സ്റ്റുഡന്റ് ലിസ്റ്റ്' എന്ന വിദ്യാർഥി മുന്നേറ്റത്തിന്റെ തുടക്കം. അഴിമതിക്കും ഭരണകൂട വീഴ്ചകൾക്കുമെതിരേ രൂപപ്പെട്ട പ്രക്ഷോഭം പിന്നീട് ഒരു രാഷ്ട്രീയമുന്നേറ്റമായി മാറി.
ഈ പാർട്ടി നേരിട്ട് വിദ്യാർഥി സ്ഥാനാർഥികളെ മത്സരരംഗത്തിറക്കിയിരുന്നില്ല എന്നതാണു ശ്രദ്ധേയം. പകരം സിവിൽ സൊസൈറ്റി അംഗങ്ങൾ, അക്കാദമിഷ്യന്മാർ, ഡോക്ടർമാർ, കർഷകർ തുടങ്ങിയവരടങ്ങുന്ന സംഘത്തെയാണു പിന്തുണച്ചത്. 56കാരനായ കാർഡിയോളജിസ്റ്റും യൂണിവേഴ്സിറ്റി പ്രഫസറുമായ ഇലിജ സ്രദാനോവിച്ച് ആണ് പാനലിനെ നയിച്ചത്.
അഴിമതി തുടച്ചുനീക്കുക, ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പാക്കുക, വിദ്യാഭ്യാസ മേഖല സമഗ്രമായി പരിഷ്കരിക്കുക എന്നിവയായിരുന്നു വിദ്യാർഥിമുന്നേറ്റം മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ.
തെരുവിൽ കണ്ട വിദ്യാർഥി വീര്യം ഭരണതലത്തിലേക്ക് എത്തിക്കുമ്പോൾ സെർബിയയിലെ പുതിയ ഭരണകൂടത്തിന് മുന്നിൽ വലിയ വെല്ലുവിളികളേറെയാണ്.
പൊലിസിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും പുനഃസംഘടന, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള നയതന്ത്രബന്ധങ്ങൾ സന്തുലിതമായി കൊണ്ടുപോകൽ, അഴിമതി വിരുദ്ധ വാഗ്ദാനങ്ങൾ നടപ്പിലാക്കിക്കൊണ്ട് സുതാര്യമായ ഭരണം കാഴ്ചവയ്ക്കുക എന്നിവയാണു പ്രധാന വെല്ലുവിളികൾ.
അനന്തരഫലം
സെർബിയയിലെ ഈ വിപ്ലവകരമായ തെരഞ്ഞെടുപ്പുഫലം യൂറോപ്പിലും ഏഷ്യയിലും പടർന്നുപന്തലിക്കുന്ന യുവജന-വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാണ്.
അധ്യാപകരുടെ കുറവ്, സ്കൂളുകളുടെ ജീർണാവസ്ഥ, വിലക്കയറ്റം എന്നിവയ്ക്കെതിരേ ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്.
വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറച്ചതിനെതിരേയും സൈനിക ചെലവുകൾ വർധിപ്പിച്ചതിനെതിരെയും ഇറ്റലിയിലും വിദ്യാർഥികളുടെ പ്രക്ഷോഭം നടക്കുന്നു. അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട് അൽബേനിയയിലും ഇന്തോനേഷ്യയിലും വൻ പ്രതിഷേധമാണു നടക്കുന്നത്.
നിർബന്ധിത സൈനിക സേവനത്തിനുള്ള നീക്കങ്ങൾക്കെതിരേ ജർമനിയിലും, ബജറ്റ് വെട്ടിക്കുറച്ചതിനെതിരേ ഓസ്ട്രിയയിലും, പാർപ്പിട പ്രതിസന്ധിക്കെതിരേ ഗ്രീസിലും സ്പെയിനിലും വിദ്യാർഥി പ്രക്ഷോഭങ്ങൾ ശക്തമാണ്.
പാറ്റകൾക്ക് ആവേശം
സെർബിയയിൽ അലക്സാണ്ടർ വുചിചിന്റെ ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിനു തടയിട്ട് വിദ്യാർഥി മുന്നേറ്റം കൈവരിച്ച ചരിത്ര വിജയം ഇന്ത്യയിലെ യുവജന പ്രസ്ഥാനമായ 'കോക്രോച്ച് ജനതാ പാർട്ടി'ക്കും ആവേശം പകരുന്നു.
തെരുവ് സമരങ്ങൾ ഭരണമാറ്റത്തിലേക്കു വഴിവയ്ക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് സെർബിയ നൽകിയതെന്ന് യുവജന സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും നേരേയുണ്ടായ അധിക്ഷേപങ്ങൾക്കെതിരേ "പാറ്റ" എന്ന പേരുതന്നെ അടയാളമാക്കി മാറ്റി രൂപീകരിച്ച 'കോക്രോച്ച് ജനതാ പാർട്ടി' നീറ്റ് ക്രമക്കേടുകൾക്കെതിരായ സമരങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ഡൽഹി ജന്തർ മന്തറിൽ നടന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടിവന്നിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേരിട്ടുള്ള രാഷ്ട്രീയമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.
നിലവിൽ വോട്ടർപട്ടിക ക്രമക്കേടിനെതിരേ പ്രതിപക്ഷത്തിനൊപ്പം പ്രക്ഷോഭരംഗത്താണ് കോക്രോച്ച് ജനതാപാർട്ടി. സർക്കാരിന്റെ അടിച്ചമർത്തൽ നീക്കങ്ങൾക്കുമുന്നിൽ തളരാതെയാണ് ഈ വിദ്യാർഥിപ്രസ്ഥാനത്തിന്റെ തുടർനീക്കങ്ങൾ.