കീവ്: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഭിന്നത രൂക്ഷമായതിനു പിന്നാലെ റഷ്യക്കുമേൽ ഉപരോധം ചുമത്താനുള്ള നീക്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ ട്രംപ്.
സെപ്റ്റംബറിൽ അമേരിക്കൻ കോൺഗ്രസ് പാസാക്കി ട്രംപ് ഒപ്പുവച്ച നിയമത്തിൽ നിർദേശിക്കുന്ന കടുത്ത ഉപരോധങ്ങൾ ഇന്നു പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കമുണ്ടായത്.
ചില ഉപരോധങ്ങൾ റദ്ദാക്കിട്രംപ് വെള്ളിയാഴ്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ദേശീയ താത്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു.
ട്രംപിന്റെ നീക്കം ഇന്ത്യക്കു വലിയ ഗുണമായി. റഷ്യൻ സന്പദ് വ്യവസ്ഥയെ വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്ക പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം ചുങ്കം ചുമത്താനുള്ള നിർദേശമാണ് ഇതിലൊന്ന്. ഇന്ത്യ ആദ്യ അഞ്ചിൽപ്പെടുന്ന രാജ്യമാണ്. ഫലത്തിൽ ഇന്ത്യക്കുമേൽ ഇന്നു പ്രാബല്യത്തിൽ വരേണ്ടിയിരുന്ന നൂറു ശതമാനം ചുങ്കമാണു ട്രംപിന്റെ നീക്കം മൂലം ഒഴിവാക്കപ്പെട്ടത്.
റഷ്യൻ പ്രസിഡന്റ് പുടിൻ അടക്കമുള്ള ഉന്നതർ, റഷ്യൻ സാന്പത്തിക സ്ഥാപനങ്ങൾ, റഷ്യൻ എണ്ണ കടത്തുന്ന കപ്പലുകൾ എന്നിവർക്കെതിരേയും കൂടുതൽ ഉപരോധങ്ങൾ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇവയിൽ പലതും ഉടൻ പ്രാബല്യത്തിൽ വരില്ലെന്നുറപ്പായി.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദം ചെലുത്തണം എന്നാവശ്യപ്പെടുന്ന യുക്രെയ്നു വലിയ തിരിച്ചടിയാണിത്. അടുത്തകാലത്ത് യുക്രെയൻ പ്രസിഡന്റ് സെലൻസ്കിയോട് ട്രംപിനു തീരെ മമതയില്ല. യുക്രെയ്ൻ സേന റഷ്യൻ റിഫൈനറികളിൽ നടത്തുന്ന ആക്രമണങ്ങൾ ഇന്ധന വില വർധനയ്ക്കു കാരണമാകുന്നു എന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇന്ധനവില വർധിക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാകും. അതേസമയം ട്രംപ് തുടങ്ങിവച്ച ഇറാൻ യുദ്ധമാണ് ഇന്ധനവില ഉയർത്തിയത്.
വില പിടിച്ചുനിർത്താൻ റഷ്യയിൽനിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ വരെ ട്രംപ് കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ റഷ്യക്കും യുക്രെയ്നും ഇടയിൽ ട്രംപ് ഊർജ വെടിനിർത്തൽ പ്രഖ്യാപിച്ചു. പക്ഷേ, റഷ്യൻ സേന യുക്രെയ്ന്റെ വൈദ്യുതിവിതരണ ശൃംഖലകളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നു. സഹികെട്ട യുക്രെയ്നും റഷ്യൻ റിഫൈനറികളിൽ തിരിച്ചടിക്കാൻ തുടങ്ങി.