ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യംകുറിക്കാന്‍ മമത ബാനര്‍ജിക്കു വേദി തുറന്നതു നന്ദിഗ്രാം പ്രക്ഷോഭമായിരുന്നു. ഇന്തോനേഷ്യ ആസ്ഥാനമായ സലിം ഗ്രൂപ്പിനു കെമിക്കല്‍ ഹബ്ബ് സ്ഥാപിക്കാന്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ നടന്ന പ്രക്ഷോഭമാണ് ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ നന്ദിഗ്രാം എന്ന കൊച്ചുപട്ടണത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.
പത്തു മാസം നീണ്ട പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പില്‍ ഒട്ടേറെ പേര് കൊല്ലപ്പെട്ടു. നന്ദിഗ്രാം കൊളുത്തിയ പ്രതിഷേധാഗ്നി 34 വര്‍ഷത്തെ ഇടതുഭരണത്തെ തൂത്തെറിഞ്ഞു. നന്ദിഗ്രാം പ്രക്ഷോഭമാണ് സുവേന്ദുവിനെ സമുന്നത നേതാവാക്കിയത്. നന്ദിഗ്രാമില്‍ ഭൂമിയേറ്റെടുക്കലിനെതിരേയുള്ള പോരാട്ടത്തില്‍ മമതയ്ക്കൊപ്പം തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ് സുവേന്ദു. 2021ല്‍ നന്ദിഗ്രാമിലും 2026ല്‍ ഭവാനിപുരിലും മമതയെ തറപറ്റിച്ച് ചരിത്രമെഴുതി ഇദ്ദേഹം. നന്ദിഗ്രാമിൽ 1956 വോട്ടിനു പരാജയപ്പെട്ട മമത ഭവാനിപുരിൽ 15,105 വോട്ടിനാണ് മുൻ സഹപ്രവർത്തകനു മുന്നിൽ അടിതെറ്റി വീണത്.
അഞ്ചര വർഷംകൊണ്ട് മുഖ്യമന്ത്രിപദത്തിൽ
ബിജെപിയിലെത്തി അഞ്ചര വര്‍ഷംകൊണ്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയ നേതാവാണ് സുവേന്ദു. ബംഗാളിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായ സുവേന്ദു 1970 ഡിസംബര്‍ 15ന് ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ കാർകുലി ഗ്രാമത്തിലാണു ജനിച്ചത്. കോൽക്കത്തയിലെ രവീനന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം വൈകാതെ രാഷ്ട്രീയത്തിൽ സജീവമായി. പിതാവ് ശിശിർ അധികാരിയുടെ തണലിലായിരുന്നു സുവേന്ദുവിന്റെ രാഷ്ട്രീയപ്രവേശം. ഈസ്റ്റ് മിഡ്നാപുരിൽ ഇടതുപക്ഷത്തെ പ്രതിരോധിച്ചിരുന്നത് ശിശിർ അധികാരിയായിരുന്നു.
കോൺഗ്രസിന്റെ വിദ്യാർഥിപ്രസ്ഥാനമായ ഛത്ര പരിഷത്ത് നേതാവായിരുന്ന സുവേന്ദു 1995ൽ കോണ്ടായി മുനിസിപ്പൽ കൗൺസിലറായി. 1998ൽ ശിശിർ അധികാരിയും സുവേന്ദുവും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2006ൽ കോണ്ടായി മണ്ഡലത്തിൽനിന്ന് സുവേന്ദു നിയമസഭാംഗമായി. 2009ല്‍ ടാംലുക് മണ്ഡലത്തില്‍നിന്നു ലോക്സഭയിലേക്കു വിജയിച്ചു. സിപിഎം അതികായൻ ലക്ഷ്മൺ സേത്തിനെയാണ് പരാജയപ്പെടുത്തിയത്. 2014ലും വിജയം ആവര്‍ത്തിച്ചു.
മമതയുമായി ഇടഞ്ഞ് ബിജെപിയിൽ
2016ല്‍ സുവേന്ദു ലോക്സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചു. മമത ബാനര്‍ജി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായി. എന്നാൽ, മമതയുമായി ഇടഞ്ഞ് 2020 നവംബര്‍ 27നു സുവേന്ദു മന്ത്രിസ്ഥാനം രാജിവച്ചു. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടിയിലെ രണ്ടാമനായതു സുവേന്ദുവിനു സ്വീകാര്യമായില്ല. 2020 ഡിസംബർ 16നു തൃണമൂൽ വിട്ട സുവേന്ദു മൂന്നു ദിവസത്തിനകം ബിജെപിയിൽ അംഗത്വമെടുത്തു.
ഈസ്റ്റ് മിഡ്നാപുരിലെ രാഷ്ട്രീയം അധികാരി കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ശിശിര്‍ അധികാരി (84) രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2009, 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കാന്തി മണ്ഡലത്തില്‍നിന്നു തൃണമൂല്‍ ടിക്കറ്റില്‍ വിജയിച്ചത് ശിശിര്‍ അധികാരിയായിരുന്നു.
ബിജെപിയുടെ ശക്തിദുർഗമായി ഈസ്റ്റ് മിഡ്നാപുർ
സുവേന്ദുവിന്റെ ഇളയ സഹോദരന് ദിബ്യേന്ദു അധികാരി തൃണമൂല്‍ പ്രതിനിധിയായി ലോക്സഭാംഗമായിരുന്നു. സുവേന്ദുവിനൊപ്പം പിതാവും സഹോദരങ്ങളും ബിജെപിയിലെത്തി. ഇത്തവണ ദിബ്യേന്ദു അധികാരി ഇഗ്ര മണ്ഡലത്തിൽനിന്നു ബിജെപി ടിക്കറ്റിൽ വിജയിച്ചു. അധികാരി കുടുംബം തൃണമൂൽ വിട്ട് ബിജെപിയിലെത്തിയതോടെ ഈസ്റ്റ് മിഡ്നാപുർ ജില്ല ബിജെപിയുടെ ശക്തിദുർഗമായി മാറി.
പ്രതിപക്ഷനേതാവെന്ന നിലയിൽ മമത സർക്കാരിനു കനത്ത വെല്ലുവിളിയാണ് സുവേന്ദു ഉയർത്തിയത്. നിയമസഭയിലും പുറത്തും തൃണമൂൽ സർക്കാരിനെതിരേ നിരന്തരം പോരാട്ടത്തിനു സുവേന്ദു നേതൃത്വം നല്കി. മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപി നേതൃത്വത്തിനു മറ്റൊരു പേരു നിർദേശിക്കാനില്ലായിരുന്നു. ബിജെപി എംഎൽഎമാരിൽ ബഹു ഭൂരിപക്ഷവും പിന്തുണച്ചത് സുവേന്ദുവിനെയായിരുന്നു.