ന്യൂഡൽഹി: പശ്ചിമബംഗാളിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്ഐആർ) ത്തുടർന്ന് പേര് ഒഴിവാക്കപ്പെട്ടതിനെതിരേ സമർപ്പിച്ച 37 ലക്ഷത്തിലധികം അപ്പീലുകൾ ട്രൈബ്യൂണലുകൾക്കുമുന്നിൽ കെട്ടിക്കിടക്കുന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ.
പശ്ചിമബംഗാൾ കോൺഗ്രസ് നേതാവ് പ്രസൻജിത് ബോസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷൻ ഈ കണക്കുകൾ വ്യക്തമാക്കിയത്.
എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് ആകെ 38,20,683 അപ്പീലുകൾ ലഭിച്ചതിൽ 1,02,231 എണ്ണം മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്. തുടർന്ന് അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചു.