Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruWeather

Special

വായനാലോകത്തിന് കണ്ണീരായി 'ദ ബുക്ക് വേം'; ബംഗളൂരുവിലെ പ്രളയത്തിൽ നനഞ്ഞുതീർന്നത് അയ്യായിരത്തോളം പുസ്തകങ്ങൾ

കടുത്ത വേനൽ ചൂടിൽ വെന്തുരുകിയ ബംഗളൂരു നഗരത്തിൽ ആശ്വാസമായെത്തിയ മഴ ഒടുവിൽ വലിയ ദുരന്തമായി മാറി. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയിലും ആലിപ്പഴ വീഴ്ചയിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ പ്രകൃതിക്ഷോഭത്തിൽ നഗരത്തിന്‍റെ സാംസ്കാരിക അടയാളമായ ചർച്ച് സ്ട്രീറ്റിലെ 'ദ ബുക്ക് വേം' എന്ന സ്വതന്ത്ര പുസ്തകശാലയ്ക്കുണ്ടായ ആഘാതം വായനാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബംഗളൂരുവിലെ പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന ഈ കടയിൽ മുട്ടോളം വെള്ളം കയറിയതിനെത്തുടർന്ന് അയ്യായിരത്തോളം പുസ്തകങ്ങളാണ് നശിച്ചത്.

പുതിയതും പഴയതുമായ നിരവധി അപൂർവ്വ ശേഖരങ്ങൾ വെള്ളത്തിനടിയിലായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടതോടെ വായനക്കാരും സുമനസുകളും വലിയ രീതിയിലുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നഗരത്തിലെ താപനില 37 ഡിഗ്രിയിൽ നിന്നും പെട്ടെന്ന് താഴ്ന്നുവെങ്കിലും മിനിറ്റുകൾക്കുള്ളിൽ പെയ്ത മഴ ജനജീവിതം ദുസഹമാക്കി. ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയിലെ മതിലിടിഞ്ഞു വീണ് രണ്ട് മലയാളികളടക്കം ഏഴ് പേർ മരണപ്പെട്ടത് നഗരത്തെ നടുക്കിയ വാർത്തയായി.

റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാവുകയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് പെയ്ത മഴ ഓഫീസ് ജീവനക്കാരെയും മെട്രോ യാത്രക്കാരെയും ഒരുപോലെ വലച്ചു.

മരങ്ങൾ കടപുഴകി വീണതും വൈദ്യുതി ബന്ധം തകരാറിലായതും നഗരത്തിന്‍റെ പല ഭാഗങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മല്ലേശ്വരം, ശേഷാദ്രിപുരം തുടങ്ങി അൻപതോളം ഇടങ്ങളിൽ മരങ്ങൾ വീണതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഫയർഫോഴ്സും ട്രാഫിക് പോലീസും നഗരസഭാ അധികൃതരും ചേർന്ന് റോഡിലെ തടസങ്ങൾ നീക്കം ചെയ്യാനും വെള്ളക്കെട്ട് ഒഴിവാക്കാനുമുള്ള തീവ്രശ്രമത്തിലാണ്.

പ്രകൃതിയുടെ ഈ കനത്ത പ്രഹരത്തിൽ നിന്നും തകർന്നടിഞ്ഞ നഗരജീവിതത്തെയും സാംസ്കാരിക ഇടങ്ങളെയും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബംഗളൂരുവിലെ ജനങ്ങൾ.

 

Latest News

Corehub Up