ചങ്ങനാശേരി: സെന്റ് ബെര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് ബെര്ക്ക്നോവ-26 ദി ന്യൂറല്‍ നെക്സാസ് 18ന് രാവിലെ പത്തിന് നടക്കുമെന്ന് ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍, വകുപ്പ്മേധാവി ഡോ. ബാബു മൈക്കിള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ഥികളെ മത്സരം, പഠനം, ആശയവിനിമയം (നെറ്റ് വര്‍ക്കിംഗ്) എന്നിവയ്ക്കായി ഒരൊറ്റ വേദിയില്‍ അണിനിരത്തുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിവിധ മത്സരയിനങ്ങള്‍ക്ക് സമ്മാനമായി മൂന്നുലക്ഷം രൂപ വരെ നല്‍കും.
ബെസ്റ്റ് മാനേജ്മെന്റ് ടീം, ബെസ്റ്റ് മാനേജര്‍, എച്ച്ആര്‍, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, ഫിനാന്‍സ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ എന്നിവയ്ക്കൊപ്പം ഐപിഎല്‍ ഓക്ഷൻ, ബിസിനസ് ക്വിസ്, ട്രഷര്‍ ഹണ്ട്, സ്പോട്ട് ഡാന്‍സ്, കോര്‍പറേറ്റ് വാക്ക് തുടങ്ങിയവയും നടത്തും.
നാക്കില്‍നിന്ന് എപ്ലസ് ഗ്രേഡും എന്‍ഐആര്‍എഫ് റാങ്കിംഗില്‍ 56-ാം സ്ഥാനവും കഴിഞ്ഞ വര്‍ഷം എസ്ബി കോളജ് സ്വന്തമാക്കിയിരുന്നു. എഐസിടിഇ അംഗീകൃത എംബിഎ ബിരുദമാണ് കോളജിലേത്. ജെഫിന് ജോസഫ്, ഡോ. നീതു ജോസ്, റിന്‍സി ആന്റണി, നിതിന്‍ മാര്ട്ടിന്, ഷാരോണ്‍ ബിജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ബിസിനസ് നേതൃനിരയിലേക്ക് ഉയരാന്‍ ഫെസ്റ്റ് സഹായകമാകും
മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാനേജ്മെന്റ് കഴിവുകള്‍, സര്‍ഗാത്മകത, ടീം വര്‍ക്ക്, നേതൃപാടവം എന്നിവ പ്രകടിപ്പിക്കാനുള്ള അവസരം ബെര്ക്ക്നോവയിലൂടെ സാധിക്കും. യുവതലമുറയ്ക്ക് ഭാവിയിലെ ബിസിനസ് നേതൃനിരയിലേക്ക് ഉയരാന്‍ ഫെസ്റ്റ് സഹായകമാകും.
ഡോ. ഗബ്രിയേല്‍ സൈമണ്‍,
സെന്റ് ബെര്‍ക്ക്മാന്‍സ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍.