തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കെസിഎല്ലിന്റെ മികച്ച തലക്കെട്ടിനുള്ള അവാര്‍ഡ് ദീപികയ്ക്ക്.
‘സിക്സസ് സല്മാന് കാലിക്കറ്റ് സക്സസ്’, ‘മാനം തെളിഞ്ഞു കൊല്ലത്തിന്റെ മനസും നിറഞ്ഞു’, ‘കൊല്ലത്തിനു വിജയാഭിഷേകം’ ഉള്‍പ്പെടെയുള്ള തലക്കെട്ടുകളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
15000 രൂപയാണ് അവാര്‍ഡ്. 2025 ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ദീപികയ്ക്കു വേണ്ടി സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുരസ്കാരങ്ങള്‍ ജൂലൈ എട്ടിനു വൈകുന്നേരം കോവളത്തെ ദ ലീല റാവിസ് ഹോട്ടലില്‍ നടക്കുന്ന കെസിഎല്‍ മീഡിയ അവാര്‍ഡ് നൈറ്റില്‍ വിതരണം ചെയ്യും. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മികച്ച സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് രാകേഷ് കെ. നായര്‍ (മാതൃഭൂമി), അനീഷ് ജി. നായര്‍ (മലയാള മനോരമ), അനിരു അശോകന് (മാധ്യമം) എന്നിവര്‍ അര്‍ഹരായി.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് പി.കെ ശ്രാവണ്‍ കൃഷ്ണ (ഏഷ്യാനെറ്റ് ന്യൂസ്), മഹേഷ് പോലൂര് (മീഡിയ വണ്‍), ടി.എസ് ഹരികൃഷ്ണ (മാതൃഭൂമി ന്യൂസ്) എന്നിവര്‍ പങ്കിട്ടു.