ജറൂസലെം: ബെത്ലഹേമിൽ സേവനം ചെയ്തുവന്ന ജോർദാൻ സ്വദേശിയായ കത്തോലിക്കാ വൈദികനെ ഇസ്രയേൽ പുറത്താക്കി.
വീസ റദ്ദാക്കിയതിനെത്തുടർന്ന് ഫാ. ലൂയിസ് സൽമാന് എന്ന വൈദികനാണ് സ്വദേശത്തേക്കു മടങ്ങിയത്. ഈശോമിശിഹായുടെ ജനനം ഇടയന്മാർക്കു വെളിപ്പെടുത്തിയ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് സഹൂർ പട്ടണത്തിലായിരുന്നു ഫാ. ലൂയിസ് ശുശ്രൂഷ ചെയ്തിരുന്നത്.
പലസ്തീനിലെ യുവജനങ്ങളുടെ ചാപ്ലയിൻ എന്നനിലയിൽ ഫാ. ലൂയിസ് മേഖലയിലെ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. യുവജനസ്വാധീനവും അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളും ഇസ്രയേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചതായും ഇതു വൈദികന്റെ വീസ റദ്ദാക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.
വിശുദ്ധവാരത്തിലും ഈസ്റ്റർ ചടങ്ങുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ, ക്രിസ്തീയ പ്രതീകങ്ങള്ക്കുനേരേയുള്ള ആക്രമണങ്ങള്‍ തുടങ്ങി വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കുനേരേ വിവിധ ഭീഷണികള്‍ ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ ഭരണകൂടം വൈദികനെ പുറത്താക്കിയിരിക്കുന്നത്.