പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് നവരാത്രി ആഘോഷങ്ങളുടെ അതിമനോഹരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പ്രശസ്ത ശ്രീ രത്നേശ്വർ മഹാദേവ് ക്ഷേത്രത്തിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ഇത് ഇന്ത്യയല്ല, പാകിസ്ഥാനിലെ നവരാത്രിയാണെന്ന് ആമുഖത്തോടെയാണ് ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടിയ ഭക്തർ ഗർബ നൃത്തച്ചുവടുകൾ വെക്കുന്നതും, ജയ് മാതാ ദി എന്നെഴുതിയ ഹെഡ്ബാൻഡുകൾ അണിഞ്ഞ് പ്രാർഥനകളിൽ മുഴുകുന്നതും വീഡിയോയിൽ കാണാം.
ഒമ്പത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ പ്രസാദം പങ്കുവെച്ചും പരസ്പരം സന്തോഷം അറിയിച്ചും നിരവധി പേരാണ് പങ്കെടുക്കുന്നത്. രാത്രി എട്ടു മുതൽ അർധരാത്രി വരെയാണ് ആഘോഷങ്ങൾക്കായി സമയം നിശ്ചയിച്ചിരിക്കുന്നത്.
പാകിസ്ഥാനിൽ ഇത്തരം ആഘോഷങ്ങൾ നടക്കുന്നത് കണ്ട് കൗതുകവും അമ്പരപ്പും പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് അത്ഭുതം പ്രകടിപ്പിച്ചവരും ഒട്ടേറെയാണ്.
അതിർത്തികൾക്കപ്പുറത്ത് സ്നേഹത്തോടെയും സമാധാനത്തോടെയും തങ്ങളുടെ വിശ്വാസങ്ങൾ ആഘോഷിക്കാൻ കഴിയുന്ന ഈ കൂട്ടായ്മകൾ കാണുമ്പോൾ സന്തോഷമുണ്ടെന്നാണ് പലരും കുറിക്കുന്നത്.
ഭാവിയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുമിച്ച് ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ചിലർ പങ്കുവെക്കുന്നുണ്ട്.
മതപരമായ സ്വാതന്ത്ര്യവും സന്തോഷവും അതിരുകൾ ഭേദിച്ച് ഒരേ മനസോടെ ആഘോഷിക്കപ്പെടുന്നതിന്റെ മനോഹരമായ കാഴ്ചയാണ് കറാച്ചിയിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.