ന്യൂഡൽഹി: കാലത്തിനനുസരിച്ച് പ്രതിഷേധങ്ങളുടെ രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. പ്ലക്കാർഡുകളിലെ മുദ്രാവാക്യങ്ങളും തെരുവ് നാടകങ്ങളും വഴി കടന്നുവന്ന പ്രതിഷേധങ്ങൾ ഇന്ന് വൈറൽ ഹാഷ്ടാഗുകളിലേക്കും മീമുകളിലേക്കും ഇൻസ്റ്റാഗ്രാം റീൽസിലേക്കും എത്തിനിൽക്കുന്നു.
എന്നാൽ സിജെപി സമരങ്ങളോടെ ഇന്റർനെറ്റ് ആക്ടിവിസം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. സമരങ്ങളുടെ ദൃശ്യങ്ങൾക്കും മീമുകൾക്കും പുറമെ, പുതിയ പ്രതിഷേധങ്ങൾ വീഡിയോ ഗെയിമുകളുടെ രൂപത്തിലാണ് ഇപ്പോൾ തരംഗമാകുന്നത്.
വിദ്യാർഥി നേതാവ് നേഹ ബോറയുടെ കസ്റ്റഡി അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള 'ഭാഗ് നേഹ ഭാഗ്', ഡൽഹിയിലെ സമര സംസ്കാരത്തെ ഗെയിം രൂപത്തിലാക്കിയ 'ജന്തർ മന്തർ ചലോ', ആർക്കേഡ് ശൈലിയിലുള്ള വെല്ലുവിളികളിലൂടെ രാഷ്ട്രീയ വാദങ്ങൾ അവതരിപ്പിക്കുന്ന 'സിജെപി, ഇറ്റ്സ് ഡൺ, ബ്രോ' തുടങ്ങിയ ഗെയിമുകളാണ് ഇന്റർനെറ്റിൽ ട്രെൻഡിംഗായിരിക്കുന്നത്.