നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി സുഹാസിനി. ഖുഷ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് കണ്ടുപിരിഞ്ഞതേ ഉണ്ടായിരുന്നുള്ളുവെന്നും അന്ന് അദ്ദേഹം അതീവ സന്തോഷവാനായിരുന്നു സുഹാസിനി പറഞ്ഞു.
പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ചെന്നൈയിലുള്ള താരത്തിന്റെ വീട്ടിലെത്തിയതായിരുന്നു സുഹാസിനി.
‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജ് സർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതീവ സന്തോഷവാനായിരുന്നു അദ്ദേഹം. ഗോവയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഞങ്ങൾ തിരിച്ചു വന്നത്.
അവർ വ്യാഴാഴ്ച രാത്രിയേ തിരിച്ചു പോന്നിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ നടക്കാൻ പോയതാണ്. തിരികെ വരുന്നതിന് ഇടയിൽ നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ചിരിച്ചുകൊണ്ടേയിരുന്നവർ ചിരിയോടെ മടങ്ങി.’ സുഹാസിനി പറഞ്ഞു.
ഖുഷ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് നിറചിരികളോടെ പങ്കെടുക്കുന്ന ഭാഗ്യരാജിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗോവയിൽ നിന്ന് തിരികെയെത്തിയ താരം രാവിലെ നടക്കാൻ പോയപ്പോൾ നെഞ്ചുവേദനയുണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.