കണ്ണൂർ: സിപിഎം നേതൃത്വവുമായി അകൽച്ചയിലാണെന്ന സൂചന നൽകി പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിപ്പിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ദിവ്യ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയാകണമെന്നില്ല. ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള തുടർകുറിപ്പുകളുടെ മുന്നോടിയായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടർന്ന് ദിവ്യയെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. ഇതോടെ ദിവ്യ പാർട്ടിയുമായി അകന്നുവെന്നും റിപ്പോർട്ടുകളുണ്ട്.