മുംബൈ: ഇന്ത്യൻ മൂലധന വിപണിയിലെ സേവനങ്ങളും വിവരങ്ങളും സാധാരണക്കാരായ നിക്ഷേപകർക്ക് പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി (ഡിഐബി്ഡി) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഈ പങ്കാളിത്തത്തിലൂടെ ഭാഷിണിയുടെ ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ, ടെക്സ്റ്റ്-ടു-സ്പീച്ച്, മെഷീൻ ട്രാൻസ്ലേഷൻ, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ തുടങ്ങിയ വിവർത്തന ടൂളുകളും എപിഐകളും ഉപയോഗിക്കാൻ സെബിക്ക് സാധിക്കും.
കൂടാതെ, സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട സങ്കീർണമായ പദാവലികൾ ഉൾപ്പെടുത്തി ഭാഷിണിയുടെ ലാംഗ്വേജ് മോഡലുകൾ കൂടുതൽ വിപുലീകരിക്കാനും മെച്ചപ്പെടുത്താനും ഈ സഹകരണം സഹായിക്കുമെന്ന് സെബി വ്യക്തമാക്കി.
ഡിഐബിഡി
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യ കോർപറേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര വിഭാഗമാണ് ഡിഐബിഡി.
ഭാഷിണി പ്ലാറ്റ്ഫോം
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ 2022 ജൂലൈയിൽ ആരംഭിച്ച ‘ഭാഷിണി’ (BHASHa INterface for India) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഒരു ഭാഷാ വിവർത്തന വോയ്സ് പ്ലാറ്റ്ഫോമാണ്. ഭാഷിണി 20-ലധികം ഇന്ത്യൻ ഭാഷകളിൽ തത്സമയ ശബ്ദ-വാചക വിവർത്തനം സാധ്യമാക്കുന്നു.
നിക്ഷേപകർക്ക് ലഭിക്കുന്ന ഗുണങ്ങൾ
ഈ പുതിയ പങ്കാളിത്തത്തിലൂടെ ഇംഗ്ലീഷ് ഭാഷയെ മാത്രം ആശ്രയിച്ചിരുന്ന നിക്ഷേപകർക്ക് ഇനി മുതൽ സ്വന്തം മാതൃഭാഷകളിൽ വിപണി വിവരങ്ങളും സെബിയുടെ വിവിധ സേവനങ്ങളും ലഭ്യമാകും.