ഭൂട്ടാൻ യാത്ര തനിക്ക് സമ്മാനിച്ച വ്യത്യസ്തമായ അനുഭവങ്ങളെയും അതിലൂടെ മാറിയ കാഴ്ചപ്പാടുകളെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ നേഹ റാണ.
സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഒരു ജീവിത അന്തരീക്ഷം എത്രത്തോളം മനോഹരമായിരിക്കും എന്ന തിരിച്ചറിവാണ് ഈ കൊച്ചു യാത്ര തനിക്ക് നൽകിയതെന്ന് നേഹ പറയുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ ഭൂട്ടാൻ അതിർത്തിയുടെ ഇരുവശങ്ങളിലെയും വേറിട്ട ജീവിതരീതികൾ വ്യക്തമായി കാണിക്കുന്നുണ്ട്.
ഇന്ത്യൻ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത ട്രാഫിക് ബ്ലോക്കുകൾ, തെറ്റായ വശങ്ങളിലൂടെയുള്ള വാഹനമോടിക്കൽ, റോഡരികുകളിലെ മാലിന്യക്കൂമ്പാരങ്ങൾ, അനാവശ്യമായ തർക്കങ്ങൾ, സഹിക്കാനാവാത്ത ഹോൺ ശബ്ദങ്ങൾ, അപരിചിതരായ ആളുകളുടെ തുറിച്ചുനോട്ടങ്ങൾ എന്നിവയെല്ലാം വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ അതിർത്തി കടന്ന് ഭൂട്ടാനിലേക്ക് എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായത്. തിരക്കുള്ള നിരത്തുകളിലൂടെ തനിച്ചു നടക്കുമ്പോഴും ആരും തന്നെ അനാവശ്യമായി നിരീക്ഷിക്കുന്നില്ലെന്നതും പൂർണമായ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നതും നേഹ എടുത്തുപറയുന്നു.
റോഡുകളിൽ ഹോൺ ശബ്ദങ്ങൾ ഇല്ലെന്നതും നഗരങ്ങൾ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നതും ഭൂട്ടാന്റെ പ്രത്യേകതയാണ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഇല്ലാതിരുന്നിട്ടുപോലും യാത്രക്കാരെല്ലാം കൃത്യമായ അച്ചടക്കത്തോടെയാണ് സ്വന്തം ലെയ്നുകളിൽ വാഹനമോടിക്കുന്നത്.
കാൽനടയാത്രക്കാർക്കായി വാഹനങ്ങൾ വഴിമാറിക്കൊടുക്കുന്ന സംസ്കാരവും ഇവിടെ കാണാം. തന്റെ രാജ്യത്തെ കുറ്റപ്പെടുത്താനല്ല ഈ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും, പൊതുസ്ഥലങ്ങൾ വൃത്തിയായും അച്ചടക്കത്തോടെയും സൂക്ഷിക്കുന്നതിൽ ഓരോ പൗരനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.
തന്റെ 30 വർഷത്തെ ജീവിതത്തിനിടയിലെ ആദ്യ വിദേശയാത്രയായിരുന്നു ഇതെന്നും, വായുമലിനീകരണവും നിരന്തരമായ ബഹളങ്ങളും സുരക്ഷിതത്വമില്ലായ്മയുമെല്ലാം ഒരു ഇന്ത്യൻ സ്ത്രീ എന്ന നിലയിൽ ഇതുവരെ സാധാരണ കാര്യങ്ങളായാണ് താൻ കരുതിയിരുന്നതെന്നും നേഹ കുറിക്കുന്നു.
എന്നാൽ ഭൂട്ടാനിലെത്തിയപ്പോഴാണ് ദൈനംദിന ജീവിതം ഇത്രയും പ്രശാന്തവും മനോഹരവുമാകാം എന്ന് ബോധ്യപ്പെട്ടത്. അനാവശ്യമായ റോഡ് കോപങ്ങളില്ലാത്ത വഴികളും, ശുദ്ധമായ വായുവും, ഭയമില്ലാതെ രാത്രിയിലും ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യവും അവിടെ തികച്ചും സാധാരണമായ കാര്യങ്ങൾ മാത്രമാണ്.
ജനങ്ങൾ അവരുടെ ചുറ്റുവട്ടത്തോടും മറ്റുള്ളവരോടും കാണിക്കുന്ന കൂട്ടായ ഉത്തരവാദിത്തമാണ് ഇതിന് കാരണമെന്നും, സ്വന്തം നാടിന് പുറത്തേക്ക് കടന്നപ്പോഴാണ് ലോകം ഇത്രത്തോളം വ്യത്യസ്തമാണെന്ന് മനസിലായതെന്നും നേഹ കൂട്ടിച്ചേർക്കുന്നു.
നേഹയുടെ ഈ നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. അടിസ്ഥാനപരമായ പൊതുബോധം കാത്തുസൂക്ഷിച്ചാൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
പല വികസ്വര രാജ്യങ്ങളും മുന്നേറുമ്പോൾ ആവശ്യത്തിന് വിഭവങ്ങളുണ്ടായിട്ടും പല അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ വരുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
മാറ്റങ്ങൾ ഉണ്ടാകേണ്ടത് സർക്കാരുകളിൽ മാത്രമല്ല, ഓരോ വ്യക്തികളുടെയും ചിന്താഗതിയിലും പ്രവർത്തികളിലുമാണെന്ന് ഉപയോക്താക്കൾ പ്രതികരിക്കുന്നു.