മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഹോങ്കോംഗ് സിക്സസ് ടൂര്‍ണമെന്റിൽ ഇന്ത്യയെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് ടൂർണമന്റ് നടക്കുന്നത്.
ഐപിഎല്ലില്‍ തിളങ്ങിയ പ്രമുഖ താരങ്ങളാണ് ഇന്ത്യന്‍ സ്ക്വാഡിലുള്ളത്. ഭുവനേശ്വര്‍ കുമാറിന് പുറമെ ക്രുനാല്‍ പാണ്ഡ്യ, ശശാങ്ക് സിംഗ്, രാഹുല്‍ തെവാട്ടിയ, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ടി.നടരാജന് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങള്‍. ശശാങ്ക് സിംഗ് ഒഴികെയുള്ള മറ്റ് എല്ലാ താരങ്ങളും ഇതിനകം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്.
പരിചയസമ്പത്തും വെടിക്കെട്ട് ബാറ്റിംഗും ഓള്‍റൗണ്ട് മികവും സ്പെഷ്യലിസ്റ്റ് ബൗളിംഗും ഒത്തിണങ്ങിയ ശക്തമായ ഒരു നിരയാണ് ഹോങ്കോംഗ് സിക്സസിനായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ആറുപേര്‍ മാത്രം കളിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയതും ആവേശകരവുമായ ഫോര്‍മാറ്റുകളില്‍ ഒന്നാണ് ഹോങ്കോംഗ് സിക്സസ്. രാജ്യാന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഭുവനേശ്വര്‍ കുമാര്‍ പുതിയ പന്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള താരമാണ്.
ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ക്രുനാല്‍ പാണ്ഡ്യ ടീമിന് വലിയ മുതല്‍ക്കൂട്ടാകും. നിതീഷ് റാണ ബാറ്റിംഗ് നിരയ്ക്ക് കരുത്തുപര്ത്തുമ്പോള്, ഫിനിഷര്‍മാരുടെ റോളില്‍ ശശാങ്ക് സിംഗും രാഹുല്‍ തെവാതിയയും തിളങ്ങുന്നു. ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് രാഹുല്‍ ത്രിപാഠിയുടേതെങ്കില്, ഇടംകൈയ്യന്‍ പേസ് ബൗളിംഗ് സ്പെഷ്യലിസ്റ്റായാണ് നടരാജന് ടീമിലിടം നേടിയിരിക്കുന്നത്.