കൊല്ലം: ബിഹാറിലെ ആർജെഡി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബൈദ്യനാഥ് മഹ്തോയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കൊല്ലത്തു നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശി മുഹമ്മദ് അജാജ് അഹമ്മദിനെയാണ് (32) കൊല്ലം ആണ്ടാമുക്കത്തുനിന്ന് കൊല്ലം സിറ്റി പൊലിസും ബിഹാർ പൊലിസും സംയുക്തമായി പിടികൂടിയത്.
ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്റ്റംബറിൽ ബിഹാറിലെ സീതാമർഹി ജില്ലയിലെ കേതരിയയിൽ വെച്ചാണ് ബൈദ്യനാഥ് മഹ്തോ വെടിയേറ്റ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമിസംഘമായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ കേരളത്തിലെത്തിയ അജാജ് കൊല്ലം ആണ്ടാമുക്കത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.
കൊല്ലത്തെ വിവിധ കടകളിലും വീടുകളിലും ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാളെന്ന് പൊലിസ് കണ്ടെത്തി. അടുത്തിടെ ഒരു അഭിഭാഷകന്റെ വീട്ടിലും ഡ്രൈവറായി ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ബിഹാറിലെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
രണ്ട് കൊലപാതകക്കേസുകളും കവർച്ചാ കേസുകളും ഉൾപ്പെടെ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കസ്റ്റഡിയിലെടുത്ത അജാജിനെ ട്രാൻസിറ്റ് വാറന്റ് മുഖേന ബിഹാറിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.