ബിഹാറിലെ പ്രശസ്തമായ ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വലിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.
ആശുപത്രിയുടെ സർജിക്കൽ കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഈ സംഭവം നടന്നിരിക്കുന്നത്. സ്ഥാപനത്തിലെ മൂന്ന് വനിതാ ശുചീകരണ തൊഴിലാളികളും ഒരു ട്രോളി ഓപ്പറേറ്ററുമാണ് മദ്യപാനത്തിൽ ഏർപ്പെട്ടത്.
ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങളിൽ രണ്ട് സ്ത്രീകൾ തറയിലിരുന്ന് ശീതളപാനീയങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുന്നതും മറ്റൊരാൾ ഗോവണിപ്പടിക്ക് സമീപം കാവൽ നിൽക്കുന്നതും വ്യക്തമാണ്.
ആകെ ആറ് പേർ ആ സമയത്ത് അവിടെയുണ്ടായിരുന്നുവെങ്കിലും നാല് പേരാണ് മദ്യപാനത്തിൽ പങ്കാളികളായത്. സംസ്ഥാനത്ത് മദ്യവിലക്ക് കർശനമായി നിലനിൽക്കെ, രോഗികൾ ആശ്രയിക്കുന്ന ഒരു ആരോഗ്യ സ്ഥാപനത്തിനുള്ളിൽ ജീവനക്കാർ തന്നെ നിയമങ്ങൾ കാറ്റിൽപ്പറത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഡിഎംസിഎച്ച് സൂപ്രണ്ട് ഡോ. ജഗദീഷ് ചന്ദ്ര വ്യക്തമാക്കി. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും കുറ്റക്കാരായ ജീവനക്കാരെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ പൂർണമായി സ്ഥിരീകരിച്ച ശേഷം കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനാണ് പൊലിസിന്റെ തീരുമാനം.