പട്നയിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഖുസ്രുപുർ സ്വദേശിയായ പ്രദീപ് കുമാറിനെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പട്ന പൊലിസ് പിടി കൂടിയത്.
സെപ്റ്റംബർ 30 ന് വൈകുന്നേരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന 'പൊലിസ് ദീദി' സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ വനിതാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.
സംഭാഷണത്തിനിടയിൽ യുവാക്കൾ പൊലിസുകാരോട് മോശമായി പെരുമാറുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ ഒരു വനിതാ ഉദ്യോഗസ്ഥ യുവാവിനെ മർദ്ദിച്ചതോടെ പ്രദീപ് കുമാർ തിരിച്ചും ആക്രമിക്കുകയായിരുന്നു.
മിനിറ്റുകളോളം നീണ്ടുനിന്ന സംഘർഷത്തിന് ഒടുവിൽ മൂന്നംഗ സംഘം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു രണ്ടുപേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു.
സ്കൂളുകൾക്കും കോളേജുകൾക്കും സമീപം വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും പൂവാലശല്യം തടയാനുമായി ബിഹാർ പൊലിസ് രൂപീകരിച്ച പ്രത്യേക വനിതാ പട്രോളിങ് വിഭാഗമാണ് 'പൊലിസ് ദീദി'.