കേളകം: കേളകം അടയ്ക്കാത്തോട് പെരുന്താനം അപകട വളവിൽ വീണ്ടും അപകടം. വ്യാഴാഴ്ച രാവിലെ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
പെരുന്താനം പൂവത്തിങ്കൽ റെജി-ജിഷ ദമ്പതികളുടെ മകൻ എഡ്വിൻ (19 )ആണ് മരിച്ചത്. രാവിലെ പള്ളിയിൽ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.
കനത്ത മഴയെത്തുടർന്ന് എഡ്വിൻ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിമാറി എതിർദിശയിൽ വന്ന ബസു മായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ എഡ്വിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കേളകം സാൻജോസ് പള്ളിയിൽ. സഹോദരി: റിയ.