തിരുവനന്തപുരം: കേരളത്തിന്റെ പേരുമാറ്റ ഭേദഗതി ബിൽ പാസാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ബോർഡുകളിലും പേരുമാറ്റ നടപടി സർക്കാർ തുടങ്ങും.
സെക്രട്ടേറിയറ്റ് മുതൽ താഴേത്തട്ടിലുള്ള വില്ലേജ് ഓഫിസ് വരെയും നിയമസഭ മുതൽ പഞ്ചായത്ത് വരെയുമുള്ള സർക്കാർ സംവിധാനങ്ങളുടെ ബോർഡിലാണ് പേരുമാറ്റം വരുത്തേണ്ടത്. ബോർഡുകളിൽ കേരള സർക്കാർ എന്നത് കേരളം സർക്കാരായാണ് മാറേണ്ടത്. ഓഫിസുകൾ കൂടാതെ വാഹനങ്ങളിലെ ബോർഡിലും മാറ്റം വരുത്തണം.
കേരള നിയമസഭ കേരളം നിയമസഭയാകും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബോർഡുകളിൽ മാറ്റം വരുത്തണം.
ഇംഗ്ലീഷിൽ "എം’ എന്ന അധിക അക്ഷരവും മലയാളത്തിൽ "ം’ എന്ന അനുസ്വാ രവുമാണു വേണ്ടിവരികയെന്നാണ് അധികൃതർ പറയുന്നത്. ബോർഡുകളിൽ തന്നെ തിരുത്താൻ കഴിയുന്നിടത്തു തിരുത്തും. മാറ്റി സ്ഥാപിക്കേണ്ടിടത്തു മാത്രം മാറ്റി സ്ഥാപിക്കാനാണ് ആലോചന.
ഓഫീസുകളിലെ സർക്കാർ സീലുകൾ, ലെറ്റർ പാഡുകൾ തുടങ്ങിയവയിലും കേരളം ആക്കി മാറ്റണം. പൊതുഭരണ വകുപ്പ് ഏകോപന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ പേരിൽ മാറ്റം വരുത്താൻ സംസ്ഥാന വ്യാപകമായ നടപടി സ്വീകരിക്കുക.
ലോക്സഭയും രാജ്യസഭയും പാസാക്കുന്ന ഭേദഗതി ബിൽ രാഷ്്ട്രപതി ഒപ്പിടുന്നതോടെയാണ് ഔദ്യോഗിക ഭേദഗതി നിലവിൽ വരിക. സംസ്ഥാനവും ഔദ്യോഗിക വിജ്ഞാപനം ഇറക്കും. തുടർന്നാണ് സംസ്ഥാന സർക്കാർ നടപടി തുടങ്ങുക. സർക്കാർ സംവിധാനങ്ങളുടെയെല്ലാം ബോർഡുകളിൽ മാറ്റം വരുത്താൻ കോടിക്കണക്കിനു രൂപ വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.