റായ്പുര്‍: കുപ്രസിദ്ധ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ആഡംബരജീവിതം നയിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്നതു പതിവാക്കിയ വിരുതൻ ഒടുവിൽ പിടിയില്‍.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ബിംഗ്സണ് ജോണ്‍(69) ആണ് പിടിയിലായത്. കഴിഞ്ഞ 30 വർഷത്തിലേറെയായി രാജ്യത്തുടനീളമുള്ള മൂന്നൂറിലേറെ ഹോട്ടലുകളിലാണ് ഇയാള്‍ താമസിച്ചശേഷം പണമടയ്ക്കാതെ മുങ്ങിയത്
വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അധ്യാപകന്, യോഗ ട്രെയിനര്‍ എന്നിങ്ങനെയുള്ള വ്യാജേനയാണ് ഇയാള്‍ ഹോട്ടലുകളില്‍ മുറിയെടുത്തിരുന്നത്. ദിവസങ്ങളോളം താമസിച്ചശേഷം ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
പലപ്പോഴായി ഹോട്ടലുകളില്‍നിന്ന് വിലയേറിയ വസ്തുക്കളും മോഷ്ടിച്ചിരുന്നതായും പോലീസ് പറയുന്നു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലെ ഹയാത്ത് ഹോട്ടലിലായിരുന്നു ഇയാളുടെ അവസാന തട്ടിപ്പ്.
ഇവിടെ രണ്ടു ദിവസം താമസിച്ച ഇയാള്‍ 63,755 രൂപയുടെ ബില്ല് അടയ്ക്കാതെ മുങ്ങിയതായും 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് കവര്‍ന്നതായും പോലീസ് പറഞ്ഞു.