തൃശൂർ: സ്കൂൾ ഓർമകളുമായി ബിനോ ജോർജ് വീണ്ടും എത്തി. ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ചായ തൃശൂർ സ്വദേശി ബിനോ ജോർജ് ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങളോടനുബന്ധിച്ച് തന്റെ ആദ്യ സ്കൂൾ സംഘടിപ്പിച്ച 2000 കുട്ടികളുടെ ഗോളടി ഉത്സവം ഉദ്ഘാടനം ചെയ്യാനായാണ് ചെമ്പുക്കാവ് ഹോളി ഫാമിലി സ്കൂളിൽ എത്തിയത്.
നാലാം ക്ലാസ് വരെ താൻ പഠിച്ച സ്കൂളിലെ ഓർമകൾ അദ്ദേഹം പങ്കിട്ടു. താൻ പഠിച്ച ക്ലാസ് മുറിയിൽ ചെന്ന് കുട്ടികൾക്കൊപ്പം ബെഞ്ചിൽ ഇരുന്നാണ് അദ്ദേഹം പഴയ ഓർമകളിലേക്കു പോയത്. സ്കൂൾ വിദ്യാർഥികളുമായി ലോകകപ്പ് ഫുട്ബോളിന്റെ വിശേഷങ്ങളും പങ്കുവച്ചു. ഹോളിഫാമിലി സിജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി, സ്കൂളിലെ ഫുട്ബോൾ കോച്ച് സ്റ്റാൻലി പടിക്കല, പിടിഎ പ്രസിഡന്റ് ബിജോയ്, പി.ടി. അധ്യാപകൻ ഹെഡ്വിൻ തുടങ്ങിയവർ ബിനോ ജോർജിനെ സ്വീകരിച്ചു. സ്കൂൾഗ്രൗണ്ടിൽ നടന്ന ഗോളടി ഉത്സവത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം കുട്ടികളിൽ ആയിരത്തിലധികം പേർ ഗോൾവല കുലുക്കി.
ലോകകപ്പ് ഫുട്ബോൾ ആരവം
തൃശൂർ: കിഴക്കുംപാട്ടുകര ഫ്രണ്ട്സ് ഓഫ് രാജർഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ "ലോകകപ്പ് ഫുട്ബോൾ 2026 ആരവം' വിളംബര ബൈക്ക് റാലിയും സൗഹൃദ ഫുട്ബോൾ മത്സരവും നടത്തി. കോർപറേഷൻ കൗണ്സിലർ ജീസ് ജോർജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്നുനടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ, അർജന്റീന, ജർമനി, പോർച്ചുഗൽ ഫാൻസ് ടീമുകൾ ഏറ്റുമുട്ടി. ബ്രസീൽ, ഫ്രാൻസ് ടീമുകൾ ജേതാക്കളായി. വിജയികൾക്കു ഫുട്ബോൾ കോച്ച് ബിനോ ജോർജ് ട്രോഫികൾ സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് പ്രശാന്ത് കൊല്ലുള്ളി അധ്യക്ഷത വഹിച്ചു.
ലോകകപ്പ് ആവേശവുമായി സെന്റ് ജോസഫ്സ് കോളജ്
തൃശൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം ഏറ്റെടുത്ത് പാവറട്ടി സെന്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളജ്. യു കാൻ മീ എന്ന പേരിൽ നടത്തിയ ആഘോഷം മണലൂർ എംഎൽഎ പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. സെബി പാലമറ്റത്ത്, ഡയറക്ടർ ഫാ. ജിതിൻ ജോസ് കാളൻ, കുന്നംകുളം ബഥനി കോളജ് പ്രിൻസിപ്പൽ സി.എൽ. ജോഷി, പ്രിൻസിപ്പൽ പ്രഫ.ഡോ. എം. ബിജു ജോണ്, വൈസ് പ്രിൻസിപ്പൽ ഷെറീന ജോണി, പ്രോഗ്രാം കോഓർഡിനേറ്റർ എ.കെ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ആവേശം പുത്തൂരിലും
പുത്തൂർ: യംഗ്സ്റ്റേഴ്സ് ഫുട്ബോൾ അസോസിയേഷന്റെയും പുത്തൂർ ഗവ. സ്കൂളിന്റെയും നേതൃത്വത്തിൽ ലോകകപ്പ് വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെംബർ അഖിൽ, യംഗ്സ്റ്റേഴ്സ് പ്രസിഡന്റ് എം.എം. സേതുമാധവൻ, സെക്രട്ടറി ടി.ടി. ബൈജു, വൈസ് പ്രസിഡന്റ് സന്തോഷ് കാക്കനാട്ട്, ട്രഷറർ എം. അരവിന്ദാക്ഷൻ, രക്ഷാധികാരി എ.ആർ. പ്രേമാനന്ദൻ, പ്രോഗ്രാം കോഓഡിനേറ്റർ ജിനുമോൻ, മറ്റ് മെംബർമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. സുനിത നേതൃത്വം നൽകി.