ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.
ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.
ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.
സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.
സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.