റോം: റോമിലെ ഇന്ത്യൻ എംബസിയിൽ വച്ച് ഗോത്ര നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു. ഗോത്രങ്ങളുടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ധീരമായ പോരാട്ടത്തെ അവർ അനുസ്മരിച്ചു.
ബിർസയുടെ പാരമ്പര്യത്തെയും ജീവിതത്തെയും ആദരിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു. റോമിലെ ഓൾ ഇന്ത്യ ട്രൈബൽ കമ്യൂണിറ്റി വീർ ബിർസ മുണ്ടയുടെ ജന്മവാർഷികം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവുവിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്, അത് എല്ലാവരെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുകയും ഭക്തി വികാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.
1875 നവംബർ 15ന് റാഞ്ചി ജില്ലയിലെ ഉലിഹാട്ടു ഗ്രാമത്തിലാണ് ബിർസ മുണ്ട ജനിച്ചത്. ബ്രിട്ടിഷ് അടിച്ചേൽപ്പിച്ച ജമീന്ദാരി (ഭൂവുടമ) സംവിധാനങ്ങൾക്കെതിരേയും വനങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
ഗോത്രങ്ങളുടെ അന്തസ്, സ്വാതന്ത്ര്യം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടമായിരുന്നു ഇത്. ഇന്ത്യയുടെ ഗോത്ര പ്രസ്ഥാനങ്ങളുടെ മഹാനായ നേതാവായ ബിർസ മുണ്ടയെ ഗോത്ര ജനതയ്ക്കിടയിൽ മാത്രമല്ല, ലോകമെമ്പാടും പോരാട്ട നേതാവായി ഇപ്പോഴും കണക്കാക്കുന്നു.
"ബിർസ മുണ്ടയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു പറഞ്ഞു. "ഗോത്ര ഭൂമിയെ കെെയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഗോത്ര പാരമ്പര്യങ്ങളും സംസ്കാരവും പുനരുജ്ജീവിപ്പിക്കുക, ചൂഷണത്തിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു ബിർസ മുണ്ടയുടെ പ്രധാന പ്രവർത്തനം. " മുണ്ട ഗോത്ര സമൂഹത്തിന്റെ ഉന്നമനമാണ് ആഗ്രഹിച്ചതെന്ന് അവർ അനുസ്മരിച്ചു, അവരിൽ നിന്നാണ് ഇന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.