ഗണപതി ഭഗവാൻ ബിരിയാണി തയ്യാറാക്കുന്ന ചിത്രം വച്ച് പരസ്യ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ ബിരിയാണി കടയുടമയെ പൊലിസ് അറസ്റ്റ് ചെയ്തു.
തിരുനെൽവേലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് മുന്നിൽ ഉയർന്ന ഓഫർ ബോർഡാണ് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായത്.
ഗണേശോത്സവാഘോഷങ്ങൾ രാജ്യത്തുടനീളം സജീവമായി നടന്നു വരുന്നതിനിടെയാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ചെന്ന ആരോപണം ഉയർന്നത്.
'അറേബ്യൻ സ്റ്റൈൽ 65 ബിരിയാണി - 99 രൂപ' എന്ന് രേഖപ്പെടുത്തിയ പരസ്യത്തിൽ ഗണപതി ഭഗവാൻ ബിരിയാണി വയ്ക്കുന്ന ചിത്രം ഉൾപ്പെടുത്തിയത് വിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സെൽവരാജ് എന്നയാൾ നൽകിയ പരാതിയിലാണ് കടയുടമയായ ജയന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംഘം കടയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കം ചെയ്തു. ഈ ബോർഡ് ആരാണ് രൂപകല്പന ചെയ്തതെന്നും എപ്പോഴാണ് കടയ്ക്ക് മുന്നിൽ വച്ചതെന്നും കണ്ടെത്താൻ പൊലിസ് അന്വേഷണം നടത്തിവരികയാണ്.