മധ്യപ്രദേശിലെ അജ്നാർ നദി ശുചീകരണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഇരുപതുകാരൻ സുരേന്ദ്ര സിംഗ് ചൗധരി എന്ന ബിട്ടു തബാഹിയുടെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി.
നദി രണ്ടാം തവണയും വൃത്തിയാക്കിയ ശേഷം പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് തടയാനായി അദ്ദേഹം നദീതീരത്ത് രണ്ട് ചവറ്റുകുട്ടകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിലൊന്ന് കാണാതായ സംഭവം വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്.
രാജ്ഗഡ് ജില്ലയിലെ നദീതീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിച്ചേർന്നു കിടക്കുന്നത് കണ്ടതിനെ തുടർന്ന്, നദി വീണ്ടും മാലിന്യക്കൂമ്പാരമായി മാറുന്നത് തടയാൻ ബിട്ടു തന്നെയാണ് വീണ്ടും ശുചീകരണത്തിന് ഇറങ്ങിയത്. ആളുകൾ വെള്ളത്തിലേക്ക് നേരിട്ട് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ മരച്ചുവട്ടിൽ സ്ഥാപിച്ച ഡസ്റ്റ് ബിനുകളിൽ ഒന്നാണ് ഇപ്പോൾ മോഷണം പോയിരിക്കുന്നത്.
നദി മലിനമാകാതിരിക്കാൻ ജനങ്ങൾക്ക് ശരിയായ രീതിയിൽ മാലിന്യം നിക്ഷേപിക്കാനാണ് താൻ ഇവ വെച്ചതെന്നും, എന്നാൽ പൊതുജനങ്ങളുടെ സൗകര്യത്തിനായി വെച്ചവ പോലും കവർന്നെടുക്കപ്പെട്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും പൊതുസ്ഥലങ്ങൾ മലിനമാക്കുന്ന ജനങ്ങളുടെ മനോഭാവത്തെയും ഉത്തരവാദിത്തമില്ലായ്മയെയും ഉപയോക്താക്കൾ രൂക്ഷമായി വിമർശിച്ചു.
സ്വന്തം പ്രയത്നം പാഴായിപ്പോകാതിരിക്കാൻ പൊലിസിന്റെ സഹായത്തോടെ സുരക്ഷയൊരുക്കാൻ ചിലർ അദ്ദേഹത്തിന് നിർദ്ദേശം നൽകിയപ്പോൾ, പൊതുജനങ്ങളുടെ പിന്തുണയില്ലാതെ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുക പ്രയാസമാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.