കോന്നി: മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കരിമ്പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കോന്നി നടുവത്തുംമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിലാണ് കരിന്പുലി കൂട്ടിലായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കുളത്തുമൺ, കലഞ്ഞൂർ, കമ്പകത്തുംപച്ച തുടങ്ങിയ പ്രദേശങ്ങളിൽ കരിമ്പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി കാമറകളിലും നാട്ടുകാരുടെ മൊബൈൽ ഫോണുകളിലും പലതവണ കരിമ്പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ കാമറകളും പ്രത്യേക കൂടുകളും സ്ഥാപിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം കൂട്ടിൽ കുടുങ്ങിയ കരിമ്പുലി പ്രകോപിതനായി പ്രതികരിക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനകൾക്കുശേഷം കരിന്പുലിയെ ഉൾവനത്തിലെത്തിച്ച് തുറന്നുവിടുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.