കൊച്ചി: തുടർ തോല്‍വിയില്‍നിന്നും കരകയറാതെ കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജെഎന്‍എല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്റര്‍ കാശിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയും സീസണിലെ മൂന്നാം തോല്‍വിയുമാണിത്. രണ്ടാം പകുതിയില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സിന് സമനില കണ്ടെത്താനായില്ല.
ആവേശം നിറഞ്ഞ ആദ്യപകുതിയുടെ 34ാം മിനിട്ടില്‍ നൗറിസ് പെട്കെവിഷ്യസിലൂടെ ഇന്റര്‍ കാശി മുന്നിലെത്തി. ആല്‍ഫ്രഡ് നല്കിയ പാസ് സ്വീകരിച്ച പെട്കെവിഷ്യസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി വലയില്‍ പതിച്ചതോടെ തിരിച്ചടിക്ക് ബ്ലാസ്റ്റേഴ്സും ശ്രമിച്ചു.
എന്നാല്‍ ഇന്റര്‍ കാശിയുടെ പ്രതിരോധത്തെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല.
രണ്ടാം പകുതിയില്‍ എബിന്‍ദാസ്, മര്‍ലോണ്‍ ട്രൂജിലോ, ബികാഷ് യംനം എന്നിവരെ കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സലിന്റെ ഹെഡര്‍ ഇന്റര്‍ കാശി ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു.
78ാം മിനിട്ടില്‍ വലതുവശത്തുനിന്നുള്ള നീക്കത്തിനൊടുവില്‍ ആല്‍ഫ്രഡ് ലക്ഷ്യം കണ്ടതോടെ ഇന്റര്‍ കാശി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 84ാം മിനിട്ടില്‍ വിക്ടര്‍ ബെര്‍ട്ടോമിയു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ നേടി. അവസാന മിനിട്ടുകളില്‍ സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇഞ്ച്വറി ടൈമില്‍ ബെര്ട്ടോമിയുവിന് ലഭിച്ച ഹെഡര്‍ അവസരം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഏഴിന് ചെന്നൈയിന് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മോഹന്‍ ബഗാന് ജയം
എസ്എൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാന് തകർപ്പൻ ജയം. മുഹമ്മദൻ എസ് സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. റോബിൻഹോ 22, 27 മിനിറ്റിൽ ഇരട്ട ഗോൾ നേടിയപ്പാൾ ജാമീ മക്ലാരൻ, മൻവീർ സിംഗ്, ദിമിത്രി പെട്രോട്ടോസ് എന്നിവർ ഓരോ ഗോൾ നേടി ബഗാന് തകർപ്പൻ വിജയമൊരുക്കി. ലാൽതൻകിമ 12-ാം മിനിറ്റിൽ മുഹമ്മദന്റ് എസ് സിയ്ക്കായി ആശ്വാസ ഗോൾ നേടി. തുടർച്ചയായ മൂന്നാം ജയത്തോടെ ഒന്‍പത് പോയിന്റുമായി മോഹൻ ബഹാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.