National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പാനിഹാട്ടി മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ.
ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരമായി കൊല്ലപ്പെട്ട ജൂണിയർ ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബ്നാഥിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തൃണമൂൽ പ്രവർത്തകർ സ്ഥാനാർഥിയെ തടഞ്ഞത്.
ഉത്തര 24 പർഗാനസ് ജില്ലയിലെ പാനിഹാട്ടിയിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്താനെത്തിയ അവശയായ വയോധികയെ സഹായിക്കാൻ രത്ന ദേബ്നാഥ് മുന്നോട്ടുവന്നതാണ് തർക്കത്തിന് കാരണമായത്.
സ്ഥാനാർഥി നേരിട്ട് വോട്ടർമാരോട് പോളിംഗ് ബൂത്തിൽ സംസാരിക്കുന്നത് ചട്ടലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ച് ടിഎംസി പ്രവർത്തകർ ബൂത്ത് വളയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ രത്ന ദേബ്നാഥിന് ബൂത്തിനു പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര സുരക്ഷാസേന ഇടപെട്ടാണ് ഇവരെ സുരക്ഷിതമായി വാഹനത്തിൽ കയറ്റിവിട്ടത്. തന്നെ ഭീഷണിപ്പെടുത്തിയ തൃണമൂൽ പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്ന് രത്ന ദേബ്നാഥ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വീഴ്ചകൾ തുറന്നുകാട്ടുകയും ചെയ്ത വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്നലെ കേന്ദ്ര നിർദേശത്താൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്.
പത്തോ പതിനായിരമോ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്താലും ചോദ്യങ്ങൾ ചോദിക്കുന്നവരെ കേന്ദ്രസർക്കാരിനു നിശബ്ദരാക്കാൻ കഴിയില്ലെന്നും കോണ്ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ഗ്യാസ് വിതരണം തടസപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉത്തർപ്രദേശ് യുട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും മോദിയെ വിമർശിക്കുന്ന ചിത്രമിട്ടതിനു കാരവൻ മാസികയുടെ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ കേന്ദ്രത്തിൽനിന്ന് ഉത്തരവുണ്ടായെന്നും കോണ്ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ അധ്യക്ഷയായ സുപ്രിയ ശ്രിനതെ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളെ മുഴുവനായി നിയന്ത്രിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-ആവിഷ്കാര സ്വാതനന്ത്ര്യത്തിനു നേരേയുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഏതൊക്കെ അക്കൗണ്ടുകൾ നിലനിൽക്കണമെന്നതും നിരോധിക്കണമെന്നതും ഇപ്പോൾ കേന്ദ്രം തീരുമാനിക്കുമെന്ന തരത്തിലാണു സ്ഥിതിവിശേഷം നിലനിൽക്കുന്നത്.
ജനാധിപത്യം ഏറ്റവും വലിയ അപകടത്തിലാണെന്നും സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
Kerala
തൃശൂർ: അതിരപ്പിള്ളിയിലെ വനപാതയിൽ ഭീതിവിതച്ച് കാട്ടാന. മഞ്ഞ കൊമ്പനെന്ന കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര് തടഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിലായിരുന്നു സംഭവം.
ആനയെ കണ്ട് യാത്രക്കാർ കാർ പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം മഞ്ഞ കൊമ്പൻ മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സാധാരണയായി മദപ്പാട് സമയത്ത് വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ഈ കൊമ്പനെ കാണാറുള്ളത്.
വർഷങ്ങൾക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും, അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് ഒരു കുട്ടിയെയും കൊലപ്പെടുത്തിയത് ഇതേ കൊമ്പനായിരുന്നു. അന്നും മദപ്പാട് കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് മഞ്ഞകൊമ്പന്റെ രീതി.
മദപ്പാട് കഴിഞ്ഞാൽ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലേക്കാണ് കൊമ്പൻ മടങ്ങാറുള്ളത്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
Kerala
കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്ക്കാര് നീക്കം ഹൈക്കോടതി തടഞ്ഞു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്ക്കെ വീണ്ടും സ്ഥിരപ്പെടുത്തല് ഉത്തരവുകള് ഇറക്കിയ നടപടിയില് വിശദീകരണം നല്കാനും സത്യവാങ്മൂലം ഫയല് ചെയ്യാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്ദേശിച്ചിരുന്നു.
വിവിധ സര്ക്കാര്, അര്ധസര്ക്കാര് സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല് ചോദ്യം ചെയ്തു ഉദ്യോഗാര്ഥികള് നല്കിയ ഹര്ജിയില് സുപ്രീംകോടതി ഉത്തരവുകള്ക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് കോടതി വിധിച്ചിരുന്നു.
ചീഫ് സെക്രട്ടറികൂടി കക്ഷിയായ കേസിലെ വിധി നിലനില്ക്കുമ്പോഴാണ് ഇപ്പോള് സര്ക്കാര് പുതിയ സ്ഥിരപ്പെടുത്തല് ഉത്തരവുകള് ഇറക്കിയതും പുതിയ ഉത്തരവുകള് ഇറക്കാന് തയാറെടുക്കുന്നതും. ഇതു കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ഹര്ജിക്കാര് നല്കിയ അപേക്ഷയിലാണ് ജസ്റ്റീസ് മുഹമ്മദ് നിയാസ് ചീഫ് സെക്രട്ടറിക്കു നിര്ദേശം നല്കിയിരുന്നത്.
എന്നാല് പലതവണ സമയം അനുവദിച്ചുനല്കിയിട്ടും സര്ക്കാര് കോടതിയില് വിശദീകരണം നല്കിയില്ല. ഈ സാഹചര്യത്തിലാണു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റീസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടത്.
International
വാഷിംഗ്ണ് ഡിസി: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പുതിയ ഗോര്ഡി ഹോവ് ഇന്റര്നാഷനല് പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
കാനഡ പൂര്ണമായും ധനസഹായം നല്കി നിര്മിച്ച ഈ പാലം തുറന്നുനല്കുന്നതിനു മുന്പായി അതിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
കാനഡ അമേരിക്കയെ വ്യാപാരപരമായി ചൂഷണം ചെയ്യുകയാണെന്നും പകരമായി ഈ പാലത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആവശ്യമുയര്ത്തി. സംഭവത്തില് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് റോഡിൽ അഭ്യാസം കാണിച്ചു കാർ യാത്രക്കാരൻ. ഞായറാഴ്ച വൈകിട്ട് കോട്ടയത്തേക്കു പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനെയാണ് കാർ ഡ്രൈവർ വലച്ചത്. മറികടന്നു പോകാൻ സൈഡ് നാൽകാതെ മനപ്പൂർവം ബസിനു മുന്നിൽ വെട്ടിച്ചും തിരിച്ചും കാർ പായിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനമെന്നു പറയുന്നു. അഞ്ച് കിലോ മീറ്റർ ദൂരം ഇങ്ങനെ ബസിന്റെ മുന്നിൽ കാറോടിച്ചു. സംഭവത്തിൽ ജീവനക്കാർ നീലേശ്വരം പോലീസിൽ പരാതി നൽകി.
Kerala
പരവൂർ: സ്പാം കോളുകളും സന്ദേശങ്ങളും ഉപയോക്താക്കൾക്ക് അയയ്ക്കുന്നതു തടയുന്നതിൽ പരാജയപ്പെട്ടതിന് ടെലികോം ഓപ്പറേറ്റർമാർക്കു 150 കോടി രൂപ പിഴ ചുമത്തി ട്രായ്.
2020 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കാലയളവിലാണ് ഇത്രയും തുക ഫൈൻ ആയി ചുമത്തിയിട്ടുള്ളത്. ഉപഭോക്തൃ പരാതികളിൽ തെറ്റായ പരിഹാര നടപടികൾ എടുത്തതിനാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ കർശന നടപടികൾക്കു മുതിർന്നത്.
ഉപഭോക്തൃ പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുക എന്നതാണ് സ്പാം നിയന്ത്രിക്കുന്ന കാര്യത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്നു ട്രായ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച പരാതികളിൽ ട്രായ് കൃത്യമായ ഓഡിറ്റ് നടത്തുകയുണ്ടായി. ഇതിൽനിന്നും നിരവധി പരാതികൾ തെറ്റായ രീതിയിലാണ് തീർപ്പാക്കിയതെന്നും ട്രായ് അധികൃതർക്കു ബോധ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം മാത്രം 21 ലക്ഷത്തിലധികം സ്പാമർമാരെ ട്രായ് തന്നെ വിഛേദിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2024 ഓഗസ്റ്റ് 13 നു ട്രായ് പുറപ്പെടുവിച്ച പുതിയ നിർദേശത്തിന്റെ ഫലമായി ഏകദേശം 18.8 ലക്ഷം സ്പാമർമാരുടെ കണക്ഷനുകൾ വിഛേദിക്കപ്പെട്ടു. രജിസ്റ്റർ ചെയ്യാത്ത സന്ദേശങ്ങൾ അയയ്ക്കുന്നവർക്ക് എതിരേ കർശന നടപടി എടുക്കാൻ ടെലികോം സേവന ദാതാക്കൾക്കു ട്രായ് അനുമതി നൽകിയിട്ടുണ്ട്. കണക്ഷനുകൾ താത്കാലികമായി നിർത്തിവയ്ക്കുക എന്നതാണ് ഇതിലെ ആദ്യ മാർഗം.
ഉപഭോക്തൃ പരാതികൾ ലഭിച്ചാൽ അയച്ചയാളെ പൂർണമായും ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും അധികാരം നൽകിയിട്ടുണ്ട്. പരാതികൾ രജിസ്റ്റർ ചെയ്യാൻ ട്രായ് ഒരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാർ ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടത്. എന്നിരുന്നാലും 10 അക്ക മൊബൈൽ നമ്പരുകൾ ഉപയോഗിക്കുന്ന രജിസ്റ്റർ ചെയ്യാത്ത വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നിരവധി കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടി.
ഫോണുകളിൽ നമ്പരുകൾ ബ്ലോക്ക് ചെയ്താൽ മാത്രം സ്പാമർമാർക്കെതിരേയുള്ള നടപടികൾ അവസാനിക്കുന്നില്ല. കാരണം സ്പാമർമാർ പതിവായി അവരുടെ നമ്പരുകൾ മാറ്റിയാണ് തട്ടിപ്പുകൾ തുടരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട കോളുകളോ സന്ദേശമോ ലഭിച്ചാൽ ഏഴു ദിവസത്തിനകം ഉപഭോക്താവിനു പരാതി നൽകാൻ അവസരമുണ്ട്. മാത്രമല്ല ഇതിൽ നടപടി എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ട്രായ് കർശനമാക്കിയിട്ടുണ്ട്. ഇതിലാണ് ടെലികോം ഓപ്പറ്റേർമാർ വീഴ്ച വരുത്തുന്നത്.
പ്രമോഷണൽ കോളുകളെ ട്രായ് അടുത്തിടെ പല തട്ടുകളിലായി തരം തിരിച്ചിട്ടുമുണ്ട്. ഇത്തരം കോളുകൾക്കു പ്രത്യേക സീരീസ് നമ്പരുകളും അനുവദിച്ചിട്ടുണ്ട്. സാധാരണയുള്ള 10 അക്ക മൊബൈൽ നമ്പരുകളിൽ നിന്നു പ്രമോഷണൽ കോളുകൾ അനുവദനീയമല്ലെന്നും ട്രായ് മൊബൈൽ ഓപ്പറേറ്റർമാർക്കു കർശന നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം 150 കോടി രൂപ പിഴ ചുമത്തിയ നടപടിക്ക് എതിരേ മൊബൈൽ ഓപ്പറേറ്റർമാർ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്. ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.
ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിലെ എട്ടാംവളവിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രാവിലെ ഏഴോടെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയത്.
നിലവിൽ വൺവേ ആയി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുകയാണ്.
ഞായറാഴ്ച കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് താമരശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു.
നേരത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ചുരത്തിൽ മഴ കുറഞ്ഞതോടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഞായറാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.