ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിൽ ഉടമയുടെ രക്തഗ്രൂപ്പും മൊബൈൽ നന്പറും അവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നന്പറും രേഖപ്പെടുത്തുന്നതുൾപ്പെടെ സമൂല പരിഷ്കാരങ്ങൾക്കു ഗതാഗത മന്ത്രാലയത്തിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വെഹിക്കിൾസ് നിയമ ഭേദഗതിക്കുള്ള കരട് നിർദേശം മന്ത്രാലയം പുറത്തിറക്കി.
വിദേശികൾക്കു വ്യത്യസ്ത കളറിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷകൾ കൂടുതൽ കർക്കശമാക്കൽ എന്നിവയും കരടു നിർദേശത്തിലുണ്ട്.
ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകരുടെ പ്രായവും വിലാസവും തെളിയിക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, നോട്ടറി എന്നിവരുടെ സത്യവാങ്മൂലത്തിനു പകരം ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഇൻഷ്വറൻസ് പോളിസി തുടങ്ങിയവ ഉപയോഗിക്കാം എന്നതാണു മറ്റൊരു സുപ്രധാന നിർദേശം. ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷയിൽ സുരക്ഷിത ഡ്രൈവിംഗ് സംബന്ധിച്ച പാഠം കൂടുതൽ വിപുലപ്പെടുത്തും. എഴുത്തുപരീക്ഷയിൽ വിജയിക്കാൻ 60 ശതമാനം മാർക്ക് എന്നത് 75 ശതമാനമാക്കി ഉയർത്തും.
ആധാർ കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴി ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ പൂർത്തിയാക്കുന്നവർക്കു ഫീസിളവ് നൽകും. ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ മാറ്റുന്നതു സൗജന്യമാക്കും. ഇതിനുള്ള അപേക്ഷയിൽ 15 ദിവസത്തിനകം ആർടിഒ തീരുമാനമെടുക്കണം. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണവും വ്യക്തമാക്കണം.
പുതിയ ലൈസൻസുകൾ ലാമിനേറ്റ് ചെയ്തോ പിവിസി കാർഡുകൾ ഉപയോഗിച്ചോ നിർമിക്കണം എന്നതും നിർദേശങ്ങളിലുണ്ട്.
കരടു വിജ്ഞാപനം സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം നൽകണമെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു.