ലക്നോ: ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം കലാശിച്ചത് മൂന്നുപേരുടെ കൊലപാതകത്തിൽ.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് വെടിയേറ്റു മരിച്ചത്.
ജീതു സൈനി എന്ന യുവാവിന്റെ ജന്മദിന ആഘോഷമാണ് ജിമ്മിലും വീട്ടിലുമായി നടന്നത്. യുവാക്കൾ ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള തർക്കം ഉടലെടുത്തു.
തുടർന്ന് ജീതു സൈനിയും കൂടെയുള്ളവരിൽ കുറച്ചു പേരും സ്ഥലത്തുനിന്ന് പോയെങ്കിലും ആയുധങ്ങളുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളുടെ സഹോദരൻ സഞ്ജയ് പറഞ്ഞു.
ഏഴോ എട്ടോ ലൈസൻസുള്ള തോക്കുകളുമായാണ് ജീതുവും സംഘവും തിരിച്ചെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ ഉടൻ തന്നെ ഇവർ വെടിയുതിർത്തെന്നും സഞ്ജയ് പറഞ്ഞു. ഒത്തുതീർപ്പിനായി താൻ ശ്രമിച്ചെങ്കിലും പ്രതികൾ അതിന് തയാറായില്ലെന്ന് സഞ്ജയ് വ്യക്തമാക്കി.
വെടിയേറ്റ മൂന്ന് യുവാക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കേസിലെ പ്രതികളെ പിടികൂടാനായി ആറ് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി (റൂറൽ) അന്തരീക്ഷ് ജയിൻ അറിയിച്ചു.