കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ നീല വസന്തം ഒരുക്കി മേട്ടുകുറിഞ്ഞി പൂവിട്ട് തുടങ്ങുന്നു. വീണ്ടുമൊരു കുറിഞ്ഞിക്കാലത്തിന് മലനിര സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ മേഖലയുടെ വിനോദസഞ്ചാര സാധ്യതയ്ക്കും വലിയ മുതൽക്കൂട്ടായി ഈ വസന്തം മാറും.
കട്ടപ്പന നഗരത്തോടു ചേർന്നുനിൽക്കുന്ന, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള കല്യാണത്തണ്ട് മലനിരകളിൽ നിർമല സിറ്റി കല്യാണതണ്ട് മേഖലകളിലും വാഴവര കൗന്തി മേഖലകളിലെ പാറയിടുക്കുകളിലും പുൽമേടുകളിലുമാണ് ഇപ്പോൾ മേട്ടുകുറിഞ്ഞി മൊട്ടിട്ടുനിൽക്കുന്നത്.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മലനിരകൾ പൂർണമായും നീലയും പർപ്പിളും കലർന്ന പുഷ്പങ്ങളാൽ മൂടപ്പെടും. ഇടുക്കി ജലാശയത്തിന്റെ മനോഹരമായ പശ്ചാത്തലവും തണുത്ത കാറ്റും ഒപ്പം കുറിഞ്ഞി വസന്തവും കൂടിയാകുമ്പോൾ കല്യാണത്തണ്ട് ഒരു സ്വർഗീയ പ്രതീതിയാകും സഞ്ചാരികൾക്ക് സമ്മാനിക്കുക.
കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ കല്യാണത്തണ്ടിലേക്ക് നിലവിൽ നിരവധി ആളുകൾ എത്താറുണ്ട്. കുറിഞ്ഞികൾ പൂവിടുന്നതോടെ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ഇതു വലിയൊരു ഉണർവേകും. അതിനോടൊപ്പം ഓണനാളുകളിൽ കല്യാണതണ്ട് മലനിരങ്ങൾ ഒരു പൂന്തോപ്പാക്കും.
കുറിഞ്ഞികൾ മൊട്ടിട്ടു തുടങ്ങിയതോടെ നിരവധി കാഴ്ചക്കാരും ഇവിടേക്ക് എത്തിത്തുടങ്ങി.