തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ തുടരുന്നതിനിടെ എ ഗ്രൂപ്പ് ഇടയുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം കൂടിയാലോചന നടത്തി നിയമനകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയിലാണ് ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ അതൃപ്തി അറിയിച്ചിരിക്കുന്നത്. കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി കൂട്ടായ ചർച്ചകളിലൂടെ നിയമനകാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.
ബുധനാഴ്ച ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷനെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ചത്. പാർട്ടിയിലെ പഴയകാല എ ഗ്രൂപ്പ് നേതാക്കളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ബോർഡ്-കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾ മൂന്ന് പേരിൽ മാത്രം ഒതുക്കരുതെന്നും മുതിർന്ന നേതാക്കൾക്കും അർഹമായ പരിഗണന നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
എം.എം.ഹസൻ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എന്നിവരെയും നിയമന ചർച്ചകളിൽ പങ്കാളികളാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. ഇക്കാര്യം നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം സ്ഥാനങ്ങളിലേക്കുള്ള വീതംവയ്പ്പിൽ യുഡിഎഫിനുള്ളിൽപ്പോലും ഇതുവരെ അന്തിമ ധാരണയായിട്ടില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അർഹമായ രീതിയിൽ പരിഗണിക്കണമെന്ന ആവശ്യമാണ് കോൺഗ്രസിനുള്ളിൽ ശക്തമാകുന്നത്.
മന്ത്രിമാരും എംഎൽഎമാരുമായി നേരത്തേ സ്ഥാനങ്ങൾ ലഭിച്ചവർക്ക് വീണ്ടും പരിഗണന ലഭിക്കുമ്പോൾ പാർട്ടിക്കായി പ്രവർത്തിച്ച മറ്റുള്ളവരെ അവഗണിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ഭരണത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്-കോർപറേഷൻ നിയമനങ്ങളിൽ തീരുമാനമാകാത്തതിൽ നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടായിരുന്നു. നിയമനങ്ങൾ വൈകുന്നതും ചർച്ചകളിൽ കൂടുതൽ നേതാക്കളെ ഉൾപ്പെടുത്താത്തതും ഇപ്പോൾ ഗ്രൂപ്പുകൾക്കിടയിലെ അസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കുകയാണ്.